തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ദുരിതം വിതച്ച് പെയ്ത മഴയ്ക്ക് നേരിയ ആശ്വാസം. കാലവർഷം കേരളത്തിലെത്തിയെങ്കിലും ഇന്നലെ ജില്ലയിൽ മഴ മാറിനിന്നു. കനത്ത മഴയിൽ ജില്ലയിലെ പ്രധാന നദികളായ വാമനപുരം,നെയ്യാർ തുടങ്ങിയവയിൽ ഉയർന്ന ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. മഴക്കെടുതിയിൽ ജില്ലയിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു.
ജില്ലയിൽ 12 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്.ഇവിടങ്ങളിലായി 134 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം,വർക്കല,കാട്ടാക്കട താലൂക്കുകളിൽ രണ്ട് ക്യാമ്പുകൾ വീതവും നെയ്യാറ്റിൻകര,നെടുമങ്ങാട് താലൂക്കുകളിൽ ഓരോ ക്യാമ്പും പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം താലൂക്കിൽ ജി.എച്ച്.എസ് കാലടി,നെടുമങ്ങാട് താലൂക്കിൽ തേമ്പാമൂട് അങ്കണവാടി,വർക്കല താലൂക്കിൽ മുട്ടള ജി.എൽ.പി.എസ്,കുളമുട്ടം ജി.എൽ.പി.എസ്, കാട്ടാക്കട താലൂക്കിൽ കാപ്പികാട് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഉഴമലയ്ക്കൽ പഞ്ചായത്ത് ബഡ്സ് സ്‌കൂൾ എന്നിവിടങ്ങളിലാണ് പുതിയ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്.
വെള്ളമിറങ്ങി നഗരം
കഴിഞ്ഞദിവസം നിറുത്താതെ പെയ്ത മഴയിൽ തലസ്ഥാനനഗരം മുങ്ങിയിരുന്നു.ഇവിടങ്ങളിൽ ഇന്നലെ വെള്ളമിറങ്ങിയത് നഗരവാസികൾക്ക് ആശ്വാസമായി. ഇന്ന് മഴ പെയ്യുകയാണെങ്കിൽ നഗരം വീണ്ടും വെള്ളത്തിൽ മുങ്ങുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ചുഴലിക്കാറ്റ് സാദ്ധ്യത കണക്കിലെടുത്ത് മുട്ടത്തറയിൽ സൈക്ളോൺ ഷെൽട്ടർ തുറന്നു. 15 കുടുംബങ്ങളിലെ 40 പേരെ ഇവിടേക്ക് മാറ്റി. നഗരസഭയുടെ വാഹനത്തിലാണ് ഇവരെ ക്യാമ്പിലെത്തിച്ചത്. ഇതോടെ നഗരസഭയിലെ ആകെ ക്യാമ്പുകൾ മൂന്നായി. ഡെപ്യൂട്ടി മേയർ പി.കെ.രാജു, കൗൺസിലർമാർ എന്നിവർ ക്യാമ്പിലെത്തി സൗകര്യങ്ങൾ വിലയിരുത്തി. എല്ലാ ക്യാമ്പുകളിലും ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഉറപ്പുവരുത്തിയതായി പി.കെ.രാജു പറഞ്ഞു.
മോശം കാലാവസ്ഥ
ഇന്നും നാളെയും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.