കോവളം: പനത്തുറയിൽ ഇന്നലെയും ശക്തമായ കടലാക്രമണമുണ്ടായി. ബുധനാഴ്ച ഉച്ചമുതലുണ്ടായ കടലേറ്റത്തിൽ വീടുകളിൽ വെള്ളംകയറി. തിരമാലകളെ പ്രതിരോധിക്കാൻ നിർമ്മിച്ച കടൽഭിത്തിക്കു മുകളിലൂടെയാണ് തിരയടിച്ചുകയറിയത്. പനത്തുറ ജുമാ മസ്ജിദിലും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും വെള്ളം കയറി. തിരുവനന്തപുരം താലൂക്ക് തഹസിൽദാർ മോഹനകുമാരൻ നായർ, ഡെപ്യൂട്ടി തഹസിൽദാർ ഷൈലജൻ,​ തിരുവല്ലം വില്ലേജ് ഓഫീസർ സുമകുമാർ,​ വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി.ബൈജു, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രസിഡന്റ് പനത്തുറ പ്രശാന്തൻ, സെക്രട്ടറി വിജയകുമാരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.