കന്യാകുമാരി:തിരഞ്ഞെടുപ്പ് പ്രചാരണമെന്ന മഹായജ്‌ഞത്തിൽ മൂന്ന് മാസത്തോളം രാജ്യമാകെ നിറഞ്ഞു നിന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദപാറയിൽ ധ്യാനത്തിന്റെ പ്രശാന്തിയിൽ. 45 മണിക്കൂറാണ് ധ്യാനം.

സ്വാമി വിവേകാനന്ദൻ 131വർഷം മുമ്പ് അമേരിക്കയിലേക്ക് പുറപ്പെടും മുമ്പ് ധ്യാനത്തിൽ ലയിച്ച ശ്രീപാദപാറയ്‌ക്ക് സമീപമുള്ള പാറയിലെ മണ്ഡപത്തിലാണ് മോദിയുടെ ധ്യാനം. കന്യാകുമാരി വൻ സുരക്ഷാ വലയത്തിലാണ്.

അവസാനഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം പൂർത്തിയാക്കി ഇന്നലെ വൈകിട്ട് 4.20ന് വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മോദി 4.55ന് കന്യാകുമാരിയിലേക്ക് ഹെലികോപ്റ്ററിലായിരുന്നു യാത്ര. 5.25ന് കന്യാകുമാരി സർക്കാർ ഗസ്റ്റ് ഹൗസിന് സമീപത്തെ ഹെലിപ്പാഡിൽ ഇറങ്ങി. ഗസ്റ്റ് ഹൗസിൽ പോയി ധോത്തിയും ഷാളും അണിഞ്ഞ് ത്രിവേണി സംഗമത്തിനടുത്തുള്ള ഭഗവതി അമ്മൻ കോവിലിലെത്തി. പൂജാരി തളികയും ആരതിയുമായി സ്വീകരിച്ചു.പൂജയും അർച്ചനയും നടത്തിയ മോദിക്ക് ക്ഷേത്ര അധികൃതർ ദേവിയുടെ ചിത്രം സമ്മാനിച്ചു. പിന്നീട് സുരക്ഷാ ബോട്ടുകളിൽ വിവേകാനന്ദപാറയിലേക്ക്. സന്ധ്യാവന്ദനത്തിന് ശേഷം ധ്യാനം തുടങ്ങി. അവസാനവട്ട വോട്ടെടുപ്പ് നടക്കുന്ന ജൂൺ ഒന്നിന് വൈകിട്ട് മൂന്നേകാലോടെ ധ്യാനം സമാപിക്കും.