bilal

വെള്ളായണി: വെള്ളായണി പറക്കോട്ട് കുളത്തിൽ കുളിക്കാനിറങ്ങിയ സഹപാഠികൾ മുങ്ങി മരിച്ചു. നല്ലാണിക്കൽ കടയിൽ വീട്ടിൽ നജീമിന്റെയും മെഹറിന്റെയും മകൻ മുഹമ്മദ് ബിലാൽ (15),അയൽക്കാരനായ ഷഫീഖ് മൻസിലിൽ ഷഫീക്കിന്റെയും റസീനയുടെയും മകൻ മുഹമ്മദ് ഇഹ്സാൻ (15) എന്നിവരാണ് മരിച്ചത്. നേമം വിക്ടറി ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളാണ് ഇവർ.

ഇഹ്സാനും ബിലാലും ഉൾപ്പെടെ സുഹൃത്തുക്കളായ അഞ്ചുപേരാണ് ഇന്നലെ വൈകിട്ട് വെള്ളായണി പറക്കോട്ട് കുളത്തിന് സമീപമെത്തിയത്. ഇവരിൽ നാലുപേർ കുളിക്കാനിറങ്ങി. ഒരാൾ നേരത്തെ വീട്ടിലേക്കു മടങ്ങിയിരുന്നു. കുളത്തിലുണ്ടായിരുന്ന കിണറ്റിലെ ചെളിയിൽ പുതഞ്ഞാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്നവരുടെ

നിലവിളികേട്ട് പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും കിണറിന്റെ ആഴവും ചെളിയുടെ അളവിനെക്കുറിച്ചും അറിവില്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസമായി. പിന്നീട് ഫയർഫോഴ്സ് സ്‌കൂബാ ടീം എത്തിയാണ് കുട്ടികളെ‌ കരയ്ക്കെത്തിച്ചത്. ഉടനേ നേമം ശാന്തിവിള താലൂക്ക് ആശുപത്രിയിലും തുടർന്ന് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് നേമം മുസ്‌ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ. ബിലാലിന്റെ സഹോദരി നാസില. നൈസാനയാണ് ഇഹ്സാന്റെ സഹോദരി.

ഫോട്ടോ: മുഹമ്മദ് ബിലാൽ

മുഹമ്മദ് ഇഹ്സാൻ