തിരുവനന്തപുരം: സർക്കാർ സ്കൂളുകളിൽ 30 ദിവസത്തിൽ കൂടുതൽ ദൈർഘ്യമുള്ള അദ്ധ്യാപക, അനദ്ധ്യാപക ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് വ്യവസ്ഥകളോടെ അനുമതി നൽകി സർക്കാർ ഉത്തരവ്. അദ്ധ്യാപകർ അധികമെന്ന് കണ്ടെത്തിയ സ്കൂളുകളിൽ അവർ തുടരുന്നുണ്ടെങ്കിൽ അവിടെ താത്കാലിക നിയമനം പാടില്ല. അധികമെന്ന് കണ്ടെത്തിയവരെ നിലവിലുള്ള ഒഴിവുകളിലേക്ക് മാറ്റി ക്രമീകരിക്കണം.
പി.എസ്.സി റാങ്ക് പട്ടിക/ ഷോർട്ട്ലിസ്റ്റ് നിലനിൽക്കുന്ന ജില്ലകളിൽ പട്ടികയിലുൾപ്പെട്ടവർ അപേക്ഷകരായി വന്നാൽ അവർക്ക് താത്കാലിക നിയമനത്തിന് മുൻഗണന നൽകണം. ഈ കാലയളവിലെ ആനുകൂല്യങ്ങൾ ഭാവിയിൽ ലഭിക്കുന്ന പി.എസ്.സി നിയമനത്തിന് പരിഗണിക്കില്ല. ദിവസവേതന അദ്ധ്യാപകർ തുടരുന്ന കാരണത്താൽ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കരുത്. വീഴ്ച വരുത്തുന്ന പ്രധാന അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കും.
ധനവകുപ്പ് പുറപ്പെടുവിക്കുന്ന ഉത്തരവിൽ നിഷ്കർഷിക്കുന്ന നിരക്കിലായിരിക്കും വേതനം. ദിവസവേതനത്തിൽ നിയമിക്കുന്നവരെ ആവശ്യമെങ്കിൽ സ്കൂൾ കലണ്ടർ പ്രകാരമുള്ള അക്കാഡമിക് വർഷത്തിലെ അവസാന പ്രവൃത്തിദിനം വരെയും തുടരാൻ അനുവദിക്കാം. ദിവസവേതനക്കാരെ റാങ്ക് പട്ടിക തയ്യാറാക്കി നിയമിക്കണമെന്നും ഒഴിവുവരുമ്പോൾ പട്ടികയിൽ നിന്നുള്ളവരെ പരിഗണിക്കണമെന്നും ഉത്തരവ് നിർദ്ദേശിക്കുന്നു.