കല്ലമ്പലം: മണമ്പൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് മൂലം യാത്രാദുരിതം. പഞ്ചായത്തിന്റെ അനാസ്ഥ മൂലമെന്ന് കോൺഗ്രസ് ആരോപിച്ചു. കവലയൂർ ജംഗ്ഷൻ, വില്ല്യമംഗലം ക്ഷേത്രം റോഡ്‌, തെഞ്ചേരിക്കോണം - അപ്പൂപ്പൻപാറ ക്ഷേത്രം റോഡ്‌, മണമ്പൂർ - പുത്തൻകോട്, ചാത്തമ്പറയിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് മൂലം കാൽനട യാത്രപോലും ദുസഹമാണ്. പഞ്ചായത്ത് പരിസരവും കാട്മൂടി കിടക്കുകയാണ്. റോഡുകൾ കുണ്ടും കുഴിയും നിറഞ്ഞ് മഴയിൽ വെള്ളക്കെട്ടായി. പഞ്ചായത്തിന്റെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനത്തങ്ങളും അവതാളത്തിലായി. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കോൺഗ്രസ് മണമ്പൂർ മണ്ഡലം പ്രസിഡന്റ് ഇ.പി സവാദ്ഖാൻ അറിയിച്ചു.