1

വിഴിഞ്ഞം: വെള്ളായണി പറക്കോട്ട് കുളത്തിൽ മുങ്ങിമരിച്ച സഹപാഠികൾക്ക് വിട നൽകി ബന്ധുക്കളും പ്രദേശവാസികളും. കഴിഞ്ഞ ദിവസമാണ് നല്ലാണിക്കൽ കടയിൽ വീട്ടിൽ നജീബിന്റെയും മെഹറിന്റെയും മകൻ മുഹമ്മദ് ബിലാൽ (15), അയൽക്കാരനായ ഷഫീഖ് മൻസിലിൽ ഷഫീക്കിന്റെയും റസീനയുടെയും മകൻ മുഹമ്മദ് ഇഹ്സാൻ (15) എന്നിവർ മുങ്ങിമരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ ഇവർ പഠിച്ചിരുന്ന നേമം വിക്ടറി ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദ‌ർശനത്തിനു വച്ചു. അവധിദിവസമായിട്ടും സഹപാഠികളെ അവസാനമായി കാണാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒഴുകിയെത്തി. പലരും വിങ്ങിപ്പൊട്ടി. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, എം.വിൻസെന്റ് എം.എൽ.എ, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ തുടങ്ങി വിവിധ രാഷ്ട്രീയ,​ സാമുദായിക നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു.

തുടർന്ന് ഇരുവരുടെയും വീടുകളിലേക്ക് മൃതദേഹം എത്തിച്ചു. ഇവിടേയും നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കൂട്ടക്കരച്ചിൽ കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി. ചടങ്ങുകൾക്കു ശേഷം മൃതദേഹങ്ങൾ നേമം മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ സംസ്‍കരിച്ചു.

5 പേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം വൈകിട്ട് വെള്ളായണി പറക്കോട്ട് കുളത്തിൽ കുളിക്കാനെത്തിയത്. നാലു പേർ കുളത്തിലിറങ്ങി. ഒരാൾ നേരത്തെ വീട്ടിലേക്കു മടങ്ങി. കുളത്തിലുണ്ടായിരുന്ന കിണറ്റിലെ ചെളിയിൽ പുതഞ്ഞാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പതിവായി ഇവർ സമീപത്തെ ടർഫിൽ കളിക്കാൻ പോകുമായിരുന്നു. ടർഫിൽ പണിനടക്കുന്നതിനാൽ അന്ന് കളിക്കാൻ പോയില്ല. പകരം കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാൻ പോവുകയായിരുന്നു. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് ആദ്യം നേമം താലൂക്ക് ആശുപത്രിയിലും തുടർന്ന് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിലാലിന്റെ സഹോദരി നാസില. നൈസാനയാണ് ഇഹ്സാന്റെ സഹോദരി.

കബർസ്ഥാനിലും ഒന്നിച്ച്

നേമം വിക്ടറി ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കൊല്ലം പത്താം ക്ലാസിലേക്ക് ഒന്നിച്ചുപോകേണ്ടവരായിരുന്നു മുഹമ്മദ് ബിലാലും മുഹമ്മദ് ഇഹ്സനും. കളിക്കൂട്ടുകാരായ ഇവരെ ഒരേ കബർസ്ഥാനിലാണ് കബറടക്കിയത്.