മുടപുരം: കോരാണി- ചിറയിൻകീഴ് റോഡിൽ നിന്നും കിഴുവിലം ആയുർവേദ ആശുപത്രിയിലേക്ക് തിരിയുന്ന ഭാഗത്ത് വാഹനാപകടങ്ങൾ വർധിച്ചു വരുന്നതിനാൽ അവിടെ സ്പീഡ് ബ്രേക്കർ നിർമ്മിക്കണമെന്ന് നാട്ടുകാർ അഭ്യർത്ഥിച്ചു. നാഷണൽ ഹൈവേയിൽ കോരാണി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് മുടപുരം വഴി ചിറയിൻകീഴിൽ എത്തുന്നതാണ് കോരാണി- ചിറയിൻകീഴ് റോഡ്. ഈ റോഡിൽ കിഴുവിലം ആയുർവേദ ജംഗ്ഷനിൽ നിന്ന് സർക്കാർ ആയുർവേദാശുപത്രിക്ക് മുന്നിലൂടെ ചിറയിൻകീഴ് -ആറ്റിങ്ങൽ റോഡിലെ ചെറുവള്ളിമുക്ക് ജംഗ്ഷനിൽ എത്തി ചേരുന്നതാണ് പട്ടം പി.ടി.പി റോഡ്. രണ്ടു റോഡുകൾ സന്ധിക്കുന്ന ഈ ഭാഗത്ത് സ്ഥിരം അപകട മേഖലയാണ്. മൂന്ന് ദിവസം മുമ്പ് ഇരുചക്ര വാഹനങ്ങൾ കൂട്ടിമുട്ടി വാഹനമോടിച്ചിരുന്ന രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിൽ ആ ഭാഗത്ത് തെരുവുവിളക്കുകൾ കത്താറില്ല. അപകടങ്ങൾ പതിവായ ഈ പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നും
മാമം ആയുർവേദ ആശുപത്രി റോഡിൽ നിന്നും കോരാണി ചിറയിൻകീഴ് റോഡിലേക്ക് തിരിയുന്ന ഭാഗത്ത് സ്പീഡ് ബ്രേക്കറും സൂചന ബോർഡുകളും സ്ഥാപിക്കണമെന്നും നാട്ടുകാർ പി.ഡബ്ലിയു.ഡി അധികൃതരോഡ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ അടിയന്തര പ്രാധാന്യത്തോടെ വാർഡ് മെമ്പർ എൻ.രഘു ഉൾപ്പെടുന്ന ജനപ്രതിനിധികൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് പരാതി ഉയരുന്നു.