തിരുവനന്തപുരം: കേരളകൗമുദി ബോധപൗർണമി ക്ലബ്, എസ്.എൻ പബ്ലിക് സ്കൂൾ, ലയൺസ് ക്ലബ് ഒഫ് ട്രിവാൻഡ്രം കോസ്മോപൊളിറ്റൻ, നീറമൺകര എൻ.എസ്.എസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോമിൽ ലോക പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ജോയിന്റ് എക്സൈസ് കമ്മിഷണർ വി.എ.സലിം ഉദ്ഘാടനം ചെയ്തു. കുട്ടികളിലും വിദ്യാർത്ഥികളിലും വളർന്നുവരുന്ന പുകയില, മയക്കുമരുന്ന് ഉപയോഗം തടയുന്നതിൽ കേരളത്തിലെ മാദ്ധ്യമങ്ങളുടെ പങ്ക് വളരെ വലുതാണെന്നും അതിൽ കേരളകൗമുദി നടത്തുന്ന ദൗത്യം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർപേഴ്സൺ അഡ്വ. എ.ഷാനിബ ബീഗം അദ്ധ്യക്ഷത വഹിച്ചു. ഇന്നലെ സർവീസിൽ നിന്ന് വിരമിച്ച ജോയിന്റ് എക്സൈസ് കമ്മിഷണർ വി.എ.സലീമിനെയും പൊലീസ് സബ് ഇൻസ്പെക്ടർ എ.നിസാറുദ്ദീനെയും ആദരിച്ചു. എക്സൈസ് മുൻ സീനിയർ ഡെപ്യൂട്ടി കമ്മിഷണർ അഡ്വ. കെ.എ.ബാലൻ, ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ചിത്രലേഖ, കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ, പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ബിനു റോയി, എൻ.എസ്.എസ് യൂണിറ്റ് കോ ഓർഡിനേറ്റർ എസ്.മായ, കേരളകൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി) എസ്.ഡി.കല തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ അനിൽ കാരേറ്റ് ക്ലാസ് നയിച്ചു. നീറമൺകര എൻ.എസ്.എസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോം, ശ്രീചിത്ര ഹോം, പൂജപ്പുര മഹിളാ മന്ദിരം എന്നിവിടങ്ങളിലെ കുട്ടികൾ പങ്കെടുത്തു.