തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിർമ്മാണം നടക്കുന്ന റോഡുകൾ പതിനഞ്ചിനകം ഗതാഗതയോഗ്യമാക്കാൻ സ്‌‌മാർട്ട് സിറ്റി ഭഗീരഥ പ്രയത്നത്തിൽ. ഇന്നലെ ചേർന്ന യോഗത്തിൽ നിർമ്മാണം വേഗത്തിലാക്കാൻ സ്‌മാർട്ട് സിറ്റി തീരുമാനിച്ചു. ഇന്നലെ പണികൾ പൂർത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ,​ മന്ത്രി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോഡുകൾ തുറക്കുന്നത് 15ലേക്ക് മാറ്റുകയായിരുന്നു. വേനൽ മഴ ശക്തമായതിനാൽ റോഡ് നിർമ്മാണം തടസപ്പെട്ട നിലയിലാണ്.നിലവിൽ മൂന്ന് പ്രധാന റോഡുകളാണ് ഗതാഗതയോഗ്യമല്ലാത്ത തരത്തിലുള്ളത്. വഴുതക്കാട്- ശ്രീമൂലം ക്ളബ്ബ്,വഴുതക്കാട് - എം.ജി.രാധാകൃഷ്ണൻ റോഡ്,​ ഓവർബ്രിഡ്‌ജ്‌ - ഉപ്പിടാംമൂട് റോഡ് എന്നിവയാണവ. ഓവർബ്രിഡ്ജ് റോഡ് ഇനിയും വൈകും.വഴുതക്കാട് റോഡിൽ ജല അതോറിട്ടിയുടെ മാൻഹോൾ നിർമ്മാണം നടക്കുന്നതിനാലാണ് പണികൾ വൈകുന്നതെന്ന് സ്‌മാർട്ട് സിറ്റി അധികൃതർ വ്യക്തമാക്കി. ആ പണികൾ പൂർത്തിയായാലേ സ്മാർട്ട് സിറ്റിക്ക് തുടർനിർമ്മാണം നടത്താനാകൂ. ജല അതോറിറ്റി,സ്വീവേജ്, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളുടെ പൈപ്പുകളും കേബിളുകളും പൊട്ടുന്നതാണ് റോഡുപണി നിശ്ചയിച്ച സമയത്ത് തീർക്കാൻ കഴിയാത്തതെന്നാണ് റോഡുകളുടെ നിർമ്മാണച്ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) പറയുന്നത്. മഴ ശക്തമായാൽ റോഡ് നിർമ്മാണം പ്രതിസന്ധിയിലാവുമെന്ന് സ്‌മാർട്ട് സിറ്റി അധികൃതരും പറഞ്ഞു.