c

കന്യാകുമാരി:തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ നടത്തുന്ന ധ്യാനത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളും.

ദേവി കന്യാകുമാരി ഒറ്റക്കാലിൽ തപസ് ചെയ്തെന്ന് വിശ്വസിക്കുന്ന ശ്രീപാദ പാറ, ബി.ജെ.പിക്കും സംഘപരിവാറിനും ഹൈന്ദവവിജയത്തിന്റെ സ്മാരകശിലയായ വിവേകാനന്ദ പാറയാണ്. ഹിന്ദുത്വത്തിന് ആഗോള അംഗീകാരം നേടികൊടുത്ത സന്യാസിയാണ് ബി.ജെ.പി.ക്ക് വിവേകാനന്ദൻ. അദ്ദഹത്തിന്റെ സ്‌മാരകമാക്കി വിവേകാനന്ദപ്പാറയെ മാറ്റിയതിന് പിന്നിൽ ആർ. എസ്. എസിനുള്ള പങ്ക് ഉദ്ഘോഷിക്കാൻ കൂടിയാണ് മോദിയുടെ ധ്യാനം. 1892 ഡിസംബർ 25,26,27 തീയതികളിൽ ഇവിടെ നടത്തിയ ധ്യാനത്തിലാണ് ഏകഭാരതം എന്ന ദർശനം വിവേകാനന്ദന് കൈവന്നത്. രാജ്യ സേവയ്ക്കും മാനവ സേവയ്ക്കും ആത്മാർപ്പണം ചെയ്യാനുള്ള പ്രതിജ്ഞയുമായാണ് ( കന്യാകുമാരി പ്രതിജ്ഞ) വിവേകാനന്ദൻ ഇവിടെ നിന്ന് മടങ്ങിയത്.

ഹിന്ദുത്വത്തെ ലോകനേതൃത്വത്തിൽ എത്തിക്കാനുള്ള ദൗത്യത്തിൽ മോദിക്ക് മൂന്നാമതും വിജയം നിർണ്ണായകമാണ്. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം പോരാടി നേടിയതാണെങ്കിൽ വിവേകാന്ദപാറ കൈയേറ്റത്തിൽ നിന്ന് മോചിപ്പിച്ച് വിവേകാനന്ദകേന്ദ്രം നിർമ്മിച്ചത് കഠിനാധ്വാനത്തിന്റെയും അർപ്പണത്തിന്റേയും വിജയമാണ്. ആർ.എസ്.എസ്. സർസംഘചാലകായിരുന്ന ഗുരുജി ഗോൾവാക്കർ ചുമതലയേറ്റ ശേഷം ആദ്യം പ്രഖ്യാപിച്ച പദ്ധതിയാണ് വിവകാനന്ദ പാറ. അന്ന് അഖിലേന്ത്യാ സർകാര്യവാഹക് ആയിരുന്ന ഏകനാഥ രാമകൃഷ്ണ റാനഡെയെ തന്നെ ഏൽപിച്ച് വിജയത്തിലെത്തിച്ച പദ്ധതിയാണത്. അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠയോടെ തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് വിവേകാനന്ദപാറയിൽ ധ്യാനത്തോടെ മോദി പരിസമാപ്തി കുറിക്കുന്നത്. 45 മണിക്കൂർ ധ്യാനം മനസിനും ശരീരത്തിനും വിശ്രമമാണ്. മൂന്നാം വട്ടം ഭരണത്തിന് അവസരം കിട്ടിയാൽ എന്തെല്ലാം ചെയ്യണമെന്ന ആലോചനയുടെ സമയവുമാണ്. അവസാനവട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് മോദിയുടെ വിവേകാനന്ദപാറയിലെ ധ്യാന ദൃശ്യങ്ങൾ ബംഗാളിലും ഉത്തർപ്രദേശിലും ചലനങ്ങളുണ്ടാക്കുമെന്ന പ്രതീക്ഷയുമുണ്ട്. ടി.വി. ചാനലുകളും സാമൂഹ്യമാധ്യമങ്ങളും മോദിയുടെ ധ്യാനത്തിന് വൻ പ്രചാരമാണ് നൽകുന്നത്.

കേരളത്തിനും ബന്ധം

വിവേകാനന്ദപാറയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ കേരളത്തിനും നിർണ്ണായക പങ്കുണ്ട്. പാറയിൽ കൈയേറ്റക്കാർ സ്ഥാപിച്ച കുരിശ് തകർത്തത് കേരളത്തിൽ കൊയിലാണ്ടിയിൽ നിന്നുള്ള സംഘമാണ്. വിവേകാനന്ദകേന്ദ്രം നിർമ്മിക്കാൻ ഏകനാഥ റാനഡെ കൺവീനറായി രൂപീകരിച്ച സമിതിയുടെ അദ്ധ്യക്ഷൻ എൻ.എസ്.എസ്. സ്ഥാപകനായ മന്നത്ത് പത്മനാഭനായിരുന്നു. റാനഡെയ്ക്ക് ശേഷം വിവേകാനന്ദകേന്ദ്രം അദ്ധ്യക്ഷനായി ഏറെക്കാലം പ്രവർത്തിച്ചത് കേരളത്തിലെ ആർ.എസ്. എസ് സൈദ്ധാന്തികൻ പി.പരമേശ്വരനായിരുന്നു.