നെടുമങ്ങാട് : കാവും കുളവും മടകളും മാളങ്ങളും വള്ളിപ്പടർപ്പുകളാലും സമ്പന്നമാണ് തമ്പുരാട്ടിപ്പാറ. അത്യപൂർവ പക്ഷികളും ഔഷധസസ്യങ്ങളും യഥേഷ്ടം. പത്തേക്കറോളം വ്യാപിച്ചുകിടക്കുന്ന കാവിൽ പകുതിയിലേറെയും പാറക്കെട്ടുകൾ. വന്യജീവികൾ, നാഗങ്ങൾ, വൃക്ഷലതാദികൾ തുടങ്ങി പ്രകൃതിയുടെ വിവിധ ഭാവങ്ങൾക്ക് പ്രത്യേകം ആവാസ വ്യവസ്ഥകൾ ഇവിടെയുണ്ട്. കിഴക്കുഭാഗത്തായി പാറയ്ക്കുള്ളിൽ അദ്ഭുത ഗുഹ കാണാം. കരിഞ്ചാത്തി സർപ്പത്തിന്റെ വാസസ്ഥലമാണ് ഈ ഗുഹ എന്നാണ് വിശ്വാസം. പുലിമടകളും നിരവധിയുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 2500 അടി ഉയരത്തിലാണ് തമ്പുരാട്ടിപ്പാറയും കാവും സ്ഥിതിചെയ്യുന്നത്. എല്ലാ വിശേഷ ദിവസങ്ങളിലും പൊങ്കാലയും നേർച്ചയും വഴിപാടുകളുമായി നൂറുകണക്കിന് ഭക്തർ മലകയറി കാവിലെത്തും. ആദിവാസി ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ചാണ് പൂജാദികർമ്മങ്ങൾ. താഴ്വാര പ്രദേശങ്ങളിലെ താമസക്കാർക്ക് ഈ കാവും പാറക്കൂട്ടവും നൽകുന്ന തണുപ്പും തലോടലും ചെറുതല്ല. എത്ര കൊടിയ വേനലിലും, നീരുറവകളും കിണറുകളും ഇവിടങ്ങളിൽ നിറഞ്ഞു തുളുമ്പും. സായന്തനത്തിൽ ചാറ്റുപാട്ടിന്റെ താളം അന്തരീക്ഷത്തിൽ നിറയും. തമ്പുരാട്ടിപ്പാറ മയങ്ങുന്ന ഈ മലഞ്ചെരുവിന് വാടാമലക്കാവ് എന്നാണ് വിളിപ്പേര്. കാവിന്റെ സ്വച്ഛതയും ശുദ്ധതയും കെടുത്തി തമ്പുരാട്ടിപ്പാറ പൊട്ടിക്കാനുള്ള ഗൂഢനീക്കം തുടങ്ങിയിട്ട് നാളേറെയായി. ആദിവാസികളുടെയും വിശ്വാസി സമൂഹത്തിന്റെയും പരിസ്ഥിതി പ്രവർത്തകരുടെയും എതിർപ്പ് മാത്രമാണ് തമ്പുരാട്ടിപ്പാറയ്ക്ക് ഇന്ന് തുണ.
അവഗണനയ്ക്ക് പരിസ്ഥിതിദിനം സാക്ഷി !
നെടുമങ്ങാട് താലൂക്കിലെ കുറുപുഴ വില്ലേജിൽ ചെമ്പൻകോട് റിസർവ് ഫോറസ്റ്റിന്റെ ഭാഗമാണ് കാവും തമ്പുരാട്ടിപ്പാറയും. ബ്ലോക്ക് നമ്പർ 14ൽ റീസർവേ 113,114,115,116 എന്നിവയിൽ ഉൾപ്പെട്ട പ്രദേശം, കൈയേറ്റക്കാരുടെ പിടിയിലമർന്നതിനെ തുടർന്ന് താലൂക്ക് സർവേയറും ഒരു സെക്കൻഡ് ഗ്രേഡ് സർവേയറും ഉൾപ്പെട്ട ടീമിനെ പരിശോധനയ്ക്കും സർവേയ്ക്കുമായി നിയമിച്ചിട്ട് ഒരു വർഷമാകുന്നു. കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് നിയമനം നടന്നത്. ജൂൺ 5ന് ഒരു വർഷം പൂർത്തിയാവുമ്പോഴും സർവേ നടപടികൾ ആരംഭിച്ചിട്ടില്ല. ആദിവാസി പരിസ്ഥിതി പ്രവർത്തകനും ഭഗവതിക്കാവിലെ ആദ്യകാല പൂജാരി കളത്തിൽ കെ.വേലായുധൻ പൂജാരിയുടെ മകനുമായ ചെമ്പൻകോട് മണികണ്ഠൻ മുഖ്യമന്ത്രിയുടെ നവകേരള സദസിലും പരാതിപരിഹാര സെല്ലിലും ജില്ലാ കളക്ടർക്കും നിവേദനം സമർപ്പിച്ചിരുന്നു. ടോട്ടൽ സ്റ്റേഷൻ മെഷീന്റെ അഭാവമാണ് അളവ് വൈകുന്നതിന് കാരണമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. എന്നാൽ ജില്ലാ സർവേ സൂപ്രണ്ട് ടോട്ടൽ സ്റ്റേഷൻ മെഷീൻ അനുവദിച്ചുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഇതിനെ പിൻപറ്റിയാണ് താലൂക്ക് സർവേയറുടെ നേതൃത്വത്തിലുള്ള ടീമിനെ നിയോഗിച്ചത്.