തിരുവനന്തപുരം: നഗരത്തിലെ മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പെട്ട് എന്തൊക്കെ ചെയ്‌തെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ ഉദ്യോഗസ്ഥ‌ർ. നഗരത്തിലെ മഴക്കെടുതിയും മഴക്കാലപൂർവ ശുചീകരണവും സംബന്ധിച്ച് നഗരസഭയിൽ മന്ത്രി.വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് സംഭവം.

മേജർ,മൈനർ ഇറിഗേഷൻ,പി.ഡബ്ലിയു.ഡി വകുപ്പിലെ ഉദ്യോഗസ്ഥരോടായിരുന്നു മന്ത്രിയുടെ ചോദ്യം. നഗരത്തിൽ നഗരസഭയ്ക്ക് പുറമേ ഈ വകുപ്പുകളുടെ കീഴിൽ വരുന്ന കുറേയധികം ഓടകളും തോടുമുണ്ട്. മഴക്കാലത്ത് ഇവയുടെ ശുചീകരണം കൃത്യമായി നടക്കാത്തതിനാലാണ് പലയിടത്തും വെള്ളക്കെട്ടുണ്ടായി ജനങ്ങൾ ദുരിതത്തിലായത്. തങ്ങളുടെ കീഴിൽ എത്ര ഓടകളും തോടും വൃത്തിയാക്കിയെന്ന മന്ത്രിയുടെ ചോദ്യത്തിന് കൃത്യമായി അറിയില്ല, അടുത്ത യോഗത്തിൽ പറയാമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.

വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ എത്രയും വേഗം പൂർ‌ത്തിയാക്കണമെന്ന് ശകാര ഭാഷയിൽ മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. സ്‌കൂൾ തുറക്കുന്ന തിരക്ക് കഴിഞ്ഞ് ജൂൺ ഏഴിന് അടുത്ത യോഗത്തിൽ വകുപ്പുകൾ എന്തൊക്കെ ചെയ്‌തെന്ന് കൃത്യം രേഖകളടക്കം തനിക്ക് ലഭിക്കണമെന്നും വിവിധ സോണലുകളിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരുടെ നേതൃത്വത്തിൽ ഏകോപനം നടത്തി ജോലികൾ തീർക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

മാലിന്യം നിറഞ്ഞ പി.ഡബ്ലിയു.ഡിയുടെ 61 ഓടകളും മൈനർ ഇറിഗേഷന്റെ നാല് ഓടകളും നഗരസഭ വ്യത്തിയാക്കിയെന്ന് ഉദ്യോഗസ്ഥ‌ർ അറിയിച്ചു.

നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും വകുപ്പുകളുടെ ഏകോപനം ഉറപ്പാൻ സർക്കാർ തലത്തിൽ പോലും കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ചും ഭരണസമിതിയുടെ വീഴ്ച ചൂണ്ടിക്കാട്ടി മേയർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടും ബി.ജെ.പി കൗൺസിലർമാർ യോഗം ബഹിഷ്‌കരിച്ചു. യോഗം പ്രഹസനമാണെന്നും ശുചീകരണത്തിന് മൂന്നുലക്ഷം രൂപ ഓരോ വാർഡിനും അനുവദിക്കണമെന്നും യു.ഡി.എഫും ആവശ്യപ്പെട്ടു. സബ് കളക്ടർ അശ്വതി ശ്രീനിവാസ്,ഡി.സി.പി ഉമ്മൻ കോശി,വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ശുചീകരണം ഒരുലക്ഷത്തിൽ നിറുത്തണം:

ഉദ്യോഗസ്ഥർക്ക് അനൗദ്യോഗിക നിർദ്ദേശം

മഴക്കാലപൂർവ ശുചീകരണത്തിന് ഒരു വാർഡിൽ ഒരു ലക്ഷം രൂപയ്‌ക്കകത്ത് ജോലികൾ ചെയ്‌ത് തീർക്കണമെന്ന് ഉദ്യോഗസ്ഥർക്ക് അനൗദ്യോഗിക നിർദ്ദേശം നൽകി ആരോഗ്യ വിഭാഗം. ഓൺ ഫണ്ടിൽ നിന്ന് കൂടുതൽ തുക ചെലവഴിക്കാൻ വഴിയൊരുക്കരുതെന്ന നിലപാടിന്റെ ഭാഗമാണിത്. ആവശ്യം വന്നാൽ ഒരു ലക്ഷത്തിൽ കൂടുതൽ തുക അനുവദിക്കുമെന്ന് മേയർ ഇന്നലെയും ആവർത്തിച്ചപ്പോഴാണ് എച്ച്.ഐമാർക്കും ജെ.എച്ച്.ഐമാർക്കും ജോലികൾ കാട്ടികൂട്ടി ചെയ്യണമെന്ന് ആരോഗ്യ വിഭാഗം രഹസ്യ നിർദ്ദേശം നൽകിയത്.