കാട്ടാക്കട:സ്കൂൾ കോളേജ് ബസുകൾക്കും ഡ്രൈവർമാർക്കും ആർ.ടി.ഒ കർശന നടപടിക്ക്.ഇതിന് മുന്നോടിയായി സി.എഫ് പരിശോധന കഴിഞ്ഞിട്ടുള്ള വാഹനങ്ങൾ ഒഴികെയുള്ളവയുടെ പരിശോധനയാണ് നടന്നത്. കാട്ടാക്കട ആർ.ടി.ഒയുടെ പരിധിയിലെ സ്കൂൾ കോളേജ് ബസുകളുടെ കാര്യക്ഷമത പരിശോധന മോട്ടോർ വാഹന വകുപ്പ് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മൈതാനത്ത് നടത്തി.
ജി.പി.എസ്,സ്പീഡ് ഗവർണർ,സീറ്റ് ബെൽറ്റ്,ഫസ്റ്റ് എയ്ഡ്,സീറ്റുകൾ,വാതിലുകളുടെ ഉറപ്പും പ്രവർത്തനവും,ടയറുകളുടെ അവസ്ഥയും കാര്യക്ഷമത എന്നിവ സൂക്ഷ്മമായി പരിശോധിച്ചു.തുടർന്ന് നൽകിയ നിർദ്ദേശങ്ങൾ പാലിക്കാതെ നിരത്തിലിറങ്ങിയാൽ ആർ.ടി.ഒ നടപടി സ്വീകരിക്കും.
സ്കൂൾ തുറക്കുന്ന ദിവസങ്ങളിൽ തുടർച്ചയായ മിന്നൽ പരിശോധനയുണ്ടാകും.അമിത വേഗത,കുട്ടികളെ കുത്തി നിറച്ച് കൊണ്ടുപോകൽ,വാതിൽ തുറന്നു വച്ചുള്ള യാത്ര,മൊബൈൽ ഉപയോഗം തുടങ്ങിയവ കണ്ടെത്തിയാൽ ഉടനടി ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെ നടപടിയുണ്ടാകും.സ്കൂൾ സോണിലൂടെ നിശ്ചിത വേഗത്തിനുമേൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും ഡ്രൈവർമാർക്കും എതിരെയും നടപടിയെടുക്കുമെന്നും ജോയിന്റ് ആർ.ടി.ഒ അർച്ചന സദാശിവൻ അറിയിച്ചു.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ധനേഷ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഹരികുമാർ,അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സുനിൽകുമാർ,അരുൺ,ബിജി,ഡ്രൈവർ വിനോദ് എന്നിവരാണ് വാഹന പരിശോധന നടത്തിയത്.നിയമം ലംഘിക്കുന്നവരുടെ ഫോട്ടോയും വീഡിയോയും ഉൾപ്പെടെ വിവരങ്ങളും 9446904312 എന്ന നമ്പറിലൂടെ അറിയിച്ചാൽ ഉടൻ തന്നെ നടപടിയുണ്ടാകും.