കൊല്ലം: കുട്ടിയെ മർദ്ദിച്ച അയൽവാസിക്ക് രണ്ടുവർഷം കഠിനതടവ്. തിരുവനന്തപുരം പാളയം റോഡിൽ കൽപ്പക വീട്ടിൽ മധുവിനെയാണ് (54) കഠിന തടവിനും 25,000 രൂപ പിഴയ്ക്കും കൊല്ലം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
കുട്ടിയുടെ അയൽപ്പക്കത്തെ വീട്ടിലെത്തിയ മധു കുട്ടിയുടെ വീട്ടിൽ അനുവാദമില്ലാതെ അതിക്രമിച്ച് കടന്ന് അമ്മയെ അനുസരിക്കാതെ നിന്ന കുട്ടിയെ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കാട്ടുകമ്പുകൊണ്ടുള്ള അടിയേറ്റ് 13 വയസുകാരനായ കുട്ടിയുടെ വലതുകൈക്ക് പൊട്ടലേറ്റിരുന്നു. കുട്ടിയുടെ പിതാവടക്കം 13 സാക്ഷികളെ വിസ്തരിച്ച കേസിൽ കുട്ടിയുടെ അമ്മയും അമ്മൂമ്മയും കോടതിയിൽ പ്രതിക്ക് അനുകൂലമായി കൂറുമാറി. കടയ്ക്കൽ പൊലീസ് ഇൻസ്‌പെക്ടർ പി.എം.സജീർ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ.സിസിൻ ജി.മുണ്ടയ്ക്കൽ ഹാജരായി. പ്രോസിക്ക്യൂഷൻ സഹായിയായി ഡബ്ലു.സി.പി.ഒ ദീപ്തിയുണ്ടായിരുന്നു.