തലപ്പുഴ(വയനാട്): തലപ്പുഴ മേഖലയിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (എസ്.ഒ.ജി) കമാൻഡോകൾക്കു നേരെ സി.പി.ഐ (മാവോയിസ്റ്റ്) സംഘടന വെടിവച്ചതുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലുള്ള രണ്ടുപേർ ഉൾപ്പെടെ നാലുപേർക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. സംഘടനയുടെ കേഡർമാരായ ചന്ദ്രു (തിരുവെങ്കിടം, ചന്തു ), ശ്രീമതി (ഉണ്ണിമായ, ഉണ്ണി) എന്നിവർക്കും, ഒളിവിൽ പോയ ലത (മീര), സുന്ദരി (ജെന്നി ) എന്നിവർക്കുമെതിരെയാണ്
കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
2023 നവംബർ 7ന് മാവോയിസ്റ്റ് സായുധ പ്രവർത്തകരെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി കേരള പൊലീസിന്റെ എസ്.ഒ.ജി സംഘം പേര്യയിൽ പരിശോധന നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. ഒരു വീട്ടിൽ ഉണ്ടായിരുന്ന കേഡറുകളെ നിരീക്ഷിക്കുന്നതിനിടെയായിരുന്നു സംഭവം. 2024 ഫെബ്രുവരി 10ന് കേരള പൊലീസിൽ നിന്ന് എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തു. ഒളിവിൽ പോയവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.