മേപ്പാടി: റിസോർട്ടിലെ സ്വിമ്മിംഗ് പൂളിന് സമീപത്തു നിന്ന് ഷോക്കേറ്റ് തമിഴ്നാട് ദിണ്ടികലിലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥി ബാലാജി (21) മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാൾ അറസ്റ്റിൽ. താമരശ്ശേരി, ചുണ്ടകുന്നുമ്മൽ വീട്ടിൽ സി.കെ. ഷറഫുദ്ദീനാണ് (32) അറസ്റ്റിലായത്. മന:പൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തി. സംഭവത്തിൽ മറ്റു ചിലരെക്കൂടി അറസ്റ്റ് ചെയ്തേക്കും.
മാർച്ച് 24ന് രാത്രിയാണ് കൂട്ടുകാർക്കൊപ്പം സ്വിമ്മിംഗ് പൂളിൽ ഇറങ്ങുന്നതിനിടെ ബാലാജിക്ക് ഷോക്കേറ്റത്. വയറിംഗ് തകരാർ പരിഹരിക്കാത്തതാണ് കാരണം. ഇത് അപകടത്തിന് ഇടയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്.