ph

കായംകുളം : കായംകുളം മെയിൻ റോഡിൽ പുതിയിടം മുതൽ തെക്കോട്ട് ചിറക്കടവം വരെയുള്ള ഭാഗം അടച്ചത് നഗരത്തിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. നഗരത്തിൽ നിന്നും ചിറക്കടവം ജംഗ്ഷനിലൂടെ ദേശീയപാതയിലേക്കുള്ള തിരക്കേറിയ റോഡായിരുന്നു ഇത്. ദേശീയ പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായാണ് ഒന്നരമാസം മുമ്പ് റോഡ് അടച്ചത്. നാളെ സ്കൂൾ തുറക്കുന്നതോടെ കുരുക്ക് രൂക്ഷമാകും.

ഇപ്പോൾ ടി.ബി റോഡിലും പുതിയിടം ക്ഷേത്രത്തിന് മുൻവശം എം.കെ ഹേമചന്ദ്രൻ റോഡിലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

ധാരാളം വ്യാപാര,വിദ്യഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തിക്കുന്ന മേഖലയാണിത്. റോഡ് ദേശീയപാതയുമായി ബന്ധിക്കുന്നിടത്ത് കാന നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് രണ്ടുമാസം മുൻപ് പുതിയിടം റോഡ് അടച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ വലിച്ചിഴച്ചു കൊണ്ടുപോകുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു.

 സ്കൂളുകൾ തുറക്കുന്നതിന് മുൻപായി റോഡ് തുറന്നുകൊടുക്കണമെന്നാണ് ആവശ്യം

 പുതിയിടം ക്ഷേത്രത്തിന് മുൻവശമാണ് ബാരിക്കേഡ് വെച്ച് റോഡ് അടച്ചത്

 ദേശീയപാതയിലേക്ക് റോഡ് കയറുന്ന ചിറക്കടവം ജംഗ്ഷൻ നിർമ്മാണത്തിന്റെ ഭാഗമായി തുരന്നിട്ടിരിക്കുകയാണ്

 ഇവിടെ ദേശീയ പാതയിലേക്ക് കയറാൻ സൗകര്യം ഒരുക്കിയാൽ റോഡ് തുറന്നുകൊടുക്കാനാകും

പുതിയിടം ചിറക്കടവം റോഡ് അടച്ചത് മൂലം പുതിയ അധ്യായന വർഷം ആരംഭിക്കുന്നതോടെ ഗതാഗത പ്രശ്നം കൂടുതൽ സങ്കീർണ്ണമാകും. അടിയന്തിരമായി റോഡ് ഉടൻ തുറന്നു കൊടുക്കണം.

-അഡ്വ.ഒ.ഹാരിസ്, പ്രസിഡന്റ് ,സോഷ്യൽഫോറം