ആലപ്പുഴ: ഭക്ഷ്യവിഷബാധ ആരോപിച്ച് കുഴിമന്തിക്കട അടിച്ചുതകർത്ത ചങ്ങനാശ്ശേരി ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ ആലപ്പുഴ വാടയ്ക്കൽ സ്വദേശി കെ.എഫ്.ജോസഫിനെ റിമാൻഡ് ചെയ്‌തു. വെള്ളിയാഴ്ച വൈകിട്ടാണ് ആലപ്പുഴ വലിയചുടുകാടിനു സമീപത്തെ അഹ്‌ലൻ എന്ന കുഴിമന്തിക്കട ബൈക്കിലെത്തിയ ജോസഫ് വാക്കത്തി കൊണ്ട് അടിച്ചുതകർത്തത്. ജീവനക്കാരെ ആയുധം വീശി ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ആറുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഹോട്ടലുടമയുടെ പരാതി.

മൂന്നുദിവസം മുമ്പ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ച തന്റെ മകന് ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവസ്ഥലത്തു നിന്ന് സൗത്ത് പൊലീസ് പിടികൂടിയ ജോസിനെ ഇന്നലെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. മകന് വയ്യാതായതിന്റെ മനോവിഷമത്തിലാണ് ആക്രമണം നടത്തിയതെന്ന് വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോൾ ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിന്റെ മനോവിഷമത്തിൽ മദ്യപിച്ചതോടെ നില തെറ്റിപ്പോയെന്നും ഇയാൾ പറഞ്ഞു.

വീണ്ടും മദ്യപിച്ചു,

പ്രകോപിതനായി

വെള്ളിയാഴ്ച ചങ്ങനാശ്ശേരിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വരുംവഴി ആലപ്പുഴയിലെ ബാറിലെത്തി മദ്യപിച്ച ശേഷം വീട്ടിൽ നിന്ന് വാക്കത്തിയെടുത്താണ് ഹോട്ടൽ തകർത്തത്. മദ്യപാനിയായിരുന്ന ജോസഫ് അടുത്തിടെ ലഹരിവിമോചന ചികിത്സയ്‌ക്ക് വിധേയനായിരുന്നു. എന്നാൽ മകന് സുഖമില്ലാതായതിന്റെ വിഷമത്തിൽ വീണ്ടും മദ്യപിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു. കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയും ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയും ജോസഫിനെതിരെ റിപ്പോർട്ട് നൽകി. വകുപ്പുതല നടപടി ഉടനുണ്ടാകും.