
ആലപ്പുഴ: ആലപ്പുഴയുടെ ജനകീയ ഡോക്ടർ ഇനി പുതിയ ഉത്തരവാദിത്വത്തിലേക്ക്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ബി.പദ്മകുമാറാണ് കൊല്ലം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി നിയമിതനായത്.
നേരത്തേ കൊല്ലം മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ വിഭാഗം മേധാവിയായും പ്രവർത്തിച്ചിട്ടുള്ള പദ്മകുമാർ ആലപ്പുഴ സ്വദേശിയാണ്. മെഡിക്കൽ കോളേജിൽ 25 വർഷത്തിലേറെ സർവീസുള്ള അദ്ദേഹത്തിന് 2011ൽ സംസ്ഥാനത്തെ മികച്ച ഡോക്ടർക്കുള്ള സംസ്ഥാന സർക്കാർ അവാർഡും ലഭിച്ചിരുന്നു. നിരവധി പഠനങ്ങൾ നടത്തിയിട്ടുള്ള പദ്മകുമാറിന് ജനറൽ മെഡിസിനിൽ പി.എച്ച് ഡിയുമുണ്ട്. 30ഓളം പുസ്തകങ്ങൾ രചിച്ചു.
ശബരിമല തീർത്ഥാടനകാലത്ത് സ്വന്തം ഇഷ്ടപ്രകാരം ഡ്യൂട്ടി നോക്കുന്നത് അദ്ദേഹത്തിന്റെ പതിവാണ്. ആലപ്പുഴയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ നടന്ന ആയിരത്തോളം മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. കേരളകൗമുദി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പുകളിലും സജീവസാന്നിദ്ധ്യമാണ്. നിരവധി സംഘടനകളോട് ചേർന്ന് പ്രവർത്തിക്കുന്ന പദ്മകുമാർ നല്ലൊരു സംഗീതജ്ഞൻ കൂടിയാണ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഒരു ഗായകസംഘം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്നു.
കഴിഞ്ഞ ഡോക്ടേഴ്സ് ദിനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാൻസർ വാർഡിൽ പാട്ടുപാടിക്കൊണ്ടായിരുന്നു ഓർക്കസ്ട്രയുടെ തുടക്കം. പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിലെ ഫിസിഷ്യനായ ഡോ.മീരയാണ് പദ്മകുമാറിന്റെ ഭാര്യ. മകൻ കാർത്തിക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബി.എ ഹിസ്റ്ററി വിദ്യാർത്ഥിയാണ്.