
അമ്പലപ്പുഴ: വെള്ളക്കെട്ടിലും പകർച്ചവ്യാധി ഭീഷണിയിലും നട്ടംതിരിഞ്ഞ്
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷൻ. ആയിരക്കണക്കിന്
രോഗികളും കൂട്ടിരിപ്പുകാരും നിത്യേന വന്നുപോകുന്ന ആശുപത്രി ജംഗ്ഷൻ കഴിഞ്ഞ 10 ദിവസമായി വെള്ളക്കെട്ടിലാണ്. രോഗികളും ബന്ധുക്കളുമെല്ലാം ബസ് കാത്തുനിൽക്കുന്നത് ഈ വെള്ളക്കെട്ടിലാണ്. മരുന്ന്, ഭക്ഷണം എന്നിവ വാങ്ങാനും
ലാബ് പരിശോധന നടത്താനുമെല്ലാം ഈ വെള്ളക്കെട്ടിലൂടെ നടന്നുവേണം പോകാൻ. രോഗികളും മുറിവ് പറ്റിയവരുമെല്ലാം ബസ് കാത്ത് വെള്ളക്കെട്ടിൽ നിൽക്കേണ്ടി വരുന്നതിനാൽ പകർച്ചവ്യാധികൾ പിടിപെടുമോ എന്ന ഭീതിയിലാണ്.
കരൂർ, പുറക്കാട് ഭാഗത്ത് ദേശീയ പാതയോത്ത് കെട്ടിക്കിടന്ന വെള്ളം തകഴി അഗ്നി രക്ഷാസേന എത്തി കുറെയൊക്കെ പമ്പുചെയ്തു നീക്കി. എന്നാൽ, പുറക്കാട്, ഒറ്റപ്പന, മാത്തേരി ഭാഗങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. അതേസമയം, ദേശീയപാത നവീകരണം പൂർത്തിയാകുന്നതോടെ വെള്ളം കാനയിലൂടെ ഒഴുകി പോകുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
വിനയായി ദേശീയപാത നവീകരണം
1. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിലവിലെ കലുങ്കുകളും കൾവെട്ടറുകളും പൊളിച്ചുകളഞ്ഞതാണ് മഴവെള്ളം കെട്ടിക്കിടക്കാൻ കാരണം.
ദേശീയപാതയോരത്തെ കച്ചവടസ്ഥാപനങ്ങൾക്ക് മുന്നിലും വെള്ളക്കെട്ടുണ്ട്
2.വിദ്യാർത്ഥികൾ പഠിക്കുന്ന ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിന് മുന്നിലും പരിസരത്തും മുട്ടോളം വെള്ളമുണ്ട്. റോഡിലെ മലിനജലവും മഴവെള്ളവും കലർന്ന വെള്ളക്കെട്ടിലൂടെ വേണം വിദ്യാർത്ഥികൾക്ക് കോളേജിൽ പ്രവേശിക്കാൻ
3.വെള്ളക്കെട്ട് കാരണം കൊതുക് ശല്യവും രൂക്ഷമാണ്. എലിപ്പനി, ഡങ്കിപ്പനി തുടങ്ങിയ പകർച്ച വ്യാധികൾ പിടിപെടുമോ എന്ന ഭയത്തിലാണ് മെഡിസിൻ വിദ്യാർത്ഥികളും പരിസരത്തെവ്യാപാരികളും
4.പുന്നപ്രയിലെ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പരിസരവും വെള്ളക്കെട്ടായതോടെ ഇലക്ട്രിക് വാഹനയാത്രക്കാരും ദുരിതത്തിലാണ്. നീർക്കുന്നം എസ്.ഡി.വി എൽ.പി സ്കൂളിന്റെ മുൻവശത്തെ വെള്ളക്കെട്ട് കാരണം നാളെ പ്രവേശനോത്സവം എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് അദ്ധ്യാപകർ
വ്യാപാരികളും
ദുരിതത്തിൽ
മലിനജലവും പെയ്തുവെള്ളവും കലർന്ന് ദുർഗന്ധം വമിക്കുന്ന വെള്ളക്കെട്ട് കാരണം വ്യാപാരികളും ദുരിതത്തിലാണ്. മഴതുടരുന്നതിനാൽ വ്യാപാരം പാതിയായെന്നാണ് വ്യാപാരികൾ പറയുന്നത്. പുന്നപ്രയിൽ ദേശീയ പാതയുടെ കിഴക്കുഭാഗത്തുള്ള വ്യാപാരികളെയും വെള്ളക്കെട്ട് വലയ്ക്കുന്നുണ്ട്. പലരും വല്ലപ്പോഴുമാണ് കട തുറക്കുന്നത്.