ആലപ്പുഴ: കന്നിപ്രസവത്തിലെ മൂവർ സംഘം ആദ്യമായി സ്കൂളിലെത്തുന്നതിന്റെ

തയ്യാറെടുപ്പിലും ആവേശത്തിലുമാണ്. ആലപ്പുഴ കളർകോട് കുറവൻകുളം വീട്ടിൽ ചാക്കോവർഗീസ്- ഫെമി ഫ്രാൻസിസ് ദമ്പതികളുടെ മക്കളായ അലക്സ് ജ്യൂഡ് ചാക്കോ, അലോഷി ചാക്കോ, ആൻമേരിയ ചാക്കോ എന്നിവരാണ് ആലപ്പുഴ സെന്റ് ആന്റണീസ് ഇംഗ്ളീഷ് മീഡിയം (സി.ബി.എസ്.ഇ) സ്കൂളിൽ ഒന്നാം ക്ളാസിലെത്താൻ ആവേശംകൊള്ളുന്നത്. മൂന്നു പേർക്കും ഒരുപോലത്തെ യൂണിഫോമും ഒരേ കളറിലുള്ള ബാഗുകളും ലഞ്ച് ബോക്സും കുടയുമെല്ലാം ഇതിനകം റെഡിയായിക്കഴിഞ്ഞു, ഇനി സൂളിലെത്തിയാൽ മതി.

മൂവരും ഒരുമിച്ച് ജനിച്ചവരാണെങ്കിലും അലക്സ് ജ്യൂഡ് ആണ് സംഘത്തിലെ മൂത്തയാൾ. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് അലോഷിയും ആൻമേരിയയും പിറന്നത്. പ്രവാസിയായ ചാക്കോ വർഗീസ്

നാട്ടിലെത്തിയ ശേഷം കാർഷിക മേഖലയിൽ സജീവമാണ്. ഫെമി വീട്ടുജോലിയാണ്. ഫെമിയുടെ കുടുംബം കോട്ടയത്താണ്. അതിനാൽ അവിടത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുട്ടികളുടെ ജനനം.

ചാക്കോവർഗീസിനൊപ്പം താമസിക്കുന്ന സഹോദരൻ ജോസഫ്-ജിൻസി ദമ്പതികളുടെ മകൾ അന്നമ്മയും ഇവർക്കൊപ്പം നാളെ ഒന്നാംക്ളാസിലെത്തുന്നുണ്ട്. എന്നാൽ, തിരുവമ്പാടി ഗവ.എൽ.പി.സ്കൂളിലാണ് അന്നമ്മയുടെ സ്കൂൾ പ്രവേശം.

എന്നും എപ്പോഴും !

മൂവർക്കും ചില നിർബന്ധങ്ങളുണ്ട്. ഒരുമിച്ചേ ഉറങ്ങു. എഴുന്നേൽക്കുന്നതും ഭക്ഷണം കഴിക്കുന്നതും ടി.വികാണുന്നതും മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതുമെല്ലാം ഒരുമിച്ചുതന്നെ. സ്‌കൂളിൽ പോകുന്നതിനുമുണ്ട് ചില കണ്ടീഷൻസ്, ഒരേ ക്ലാസിൽ ഒരേബഞ്ചിലായിരിക്കണം!