ambala

അമ്പലപ്പുഴ : പ്രവേശനോവത്സവത്തിന് ഒരുങ്ങിയെങ്കിലും സ്കൂളിന്റെ മുൻവശം വെള്ളക്കെട്ടിൽ. നീർക്കുന്നം - വണ്ടാനം ശ്രീദേവീവിലാസം എൽ.പി.സ്കൂളിന് മുന്നിലും പാതയോരത്തുമാണ് വെള്ളക്കെട്ട്.

യു.പി, എൽ.പി ഉൾപ്പടെ 1685 ഓളം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.പുതുതായി ഒന്നാം ക്ലാസിൽ എത്തുന്നത് 140 വിദ്യാർത്ഥികളാണ്. പഠനത്തിലും, പഠനേതര വിഷയത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയ സ്കൂളാണിത്. കഴിഞ്ഞ വർഷത്തെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ എസ്.സി.ആർ.റ്റി ഉദ്യോഗസ്ഥരുടെ മുന്നിൽ ഡയറി സ്വയം എഴുതി കാണിച്ചിരുന്നു. പാഠപുസ്തകത്തിൽ വരെ സ്കൂളിനെ പ്രതിപാദിച്ചിട്ടുണ്ട്. ഇവിടുത്തെ അദ്ധ്യാപകരെ മറ്റു സ്കൂളുകളിലെ അദ്ധ്യാപകർക്ക് ക്ലാസ് എടുക്കാനായി വിളിക്കാറുമുണ്ട്. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കാന നിർമ്മിച്ചപ്പോഴാണ് സ്കൂളിന് മുന്നിൽ വെള്ളക്കെട്ടുണ്ടായത്. കുരുന്നുകൾ കൊതുകു കടിയേറ്റ് പഠിക്കേണ്ട ഗതികേടിലാകും.