
അമ്പലപ്പുഴ: ഇത്തവണ കുതിരപ്പന്തി ടി.കെ.എം.എം യു.പി സ്കൂളിൽ മദ്ധ്യവേലവധി കഴിഞ്ഞെത്തുന്ന കുട്ടികൾ അത്ഭുതപ്പെടും. റെയിൽവേ സ്റ്റേഷനാണോ സ്കൂളാണോ എന്നോർത്ത് ! ആകെ ട്രെയിനിന്റെ മാതൃകയിലാണ് സ്കൂൾ ഇപ്പോൾ. പുതിയ അദ്ധ്യയന വർഷത്തിൽ കുട്ടികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് സ്കൂൾ കെട്ടിടവും മുറികളും ട്രെയിനിന്റെ ബോഗികളുടെയും എൻജിന്റെയും മാതൃകയിലാക്കിയത്. മാനേജ്മെന്റിന്റെ നിർദേശപ്രകാരം ആലപ്പുഴ നെഹ്റു ട്രോഫി വാർഡ് സ്വദേശി ബോബൻ സിത്താര എന്ന കലാകാരനാണ് സ്കൂൾ മനോഹരമാക്കിയത്. 'എ.സി കോച്ചുകൾ' ഉൾപ്പടെയുള്ള ബോഗികളുടെ മാതൃകയിലാണ് ക്ളാസ് മുറികളുടെ പെയിന്റിംഗ്.
ഒരാഴ്ചയെടുത്താണ് ഒരു സഹപ്രവർത്തകനൊപ്പം ബോബൻ സിത്താര സ്കൂൾ അണിയിച്ചൊരുക്കിയത്. എൽ.കെ.ജിയും ഏഴാം ക്ലാസു വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകളുമുള്ള സ്കൂളിൽ 300ഓളം വിദ്യാർത്ഥികളുണ്ട്. 1957ൽ പ്രവർത്തനമാരംഭിച്ചതാണ് സ്കൂൾ. ഇത്തവണ എല്ലാ ക്ലാസ് മുറികളിലും ബ്ലാക്ക് ബോർഡുകൾ മാറ്റിയ ശേഷം ഡിജിറ്റൽ വൈറ്റ് ബോർഡുകൾ സ്ഥാപിച്ചതായി സ്കൂൾ കമ്മിറ്റി കൺവീനർ പി .കെ. ബൈജു പറഞ്ഞു. പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ പുർത്തിയായതായി സ്കൂൾ ഹെഡ്മിസ്ട്രസ് ഗീതാകുമാരി, മാനേജർ റ്റി .ആർ. ഓമനക്കുട്ടൻ എന്നിവർ അറിയിച്ചു.
എല്ലാ ക്ലാസ് മുറികളിലും ഈ അധ്യയനവർഷം തന്നെ എൽ.സി.ഡി സ്ഥാപിക്കും. കുട്ടികളുടെ പാർക്ക്, കളിസ്ഥലം, കുട്ടികളുടെ റേഡിയോ, ലൈബ്രറി, സയൻസ് - പരിസ്ഥിതി ക്ലബ്കൾ തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്
- പി.കെ.ബൈജു,സ്കൂൾ കമ്മിറ്റി കൺവീനർ