
ചാരുംമൂട് : ഒന്നര നൂറ്റാണ്ടിലധികമായി നൂറനാട് പാറ്റൂർ ജംഗ്ഷന് തണലേകിയന ആൽമര മുത്തശ്ശി കടപുഴകി. വെള്ളിയാഴ്ച സന്ധ്യയോടെ മരത്തിന്റെ ചുവടിന് ചെറിയ ചലനം ഉണ്ടാകുകയുംരാത്രി 9.30ഓടെ പൂർണ്ണമായും നിലപതിക്കുകയുമായിരുന്നു. ആളപായമില്ല. മരത്തിന്റെ ചുവടുഭാഗത്തിന് ഇളക്കമുണ്ടായത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ വൈദ്യുതി ഓഫീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ജീവനക്കാരെത്തി സ്ഥലത്തെ വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. മരം ചരിയാൻ തുടങ്ങിയതോടെ സ്ഥലത്തു നിന്നും ഓട്ടോറിക്ഷകൾ അടക്കമുള്ള വാഹനങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെടുകയും വൈദ്യുത കമ്പികൾ പൊട്ടുകയും വൈദ്യുതി തൂണുകൾ വളയുകയും ചെയ്തു. ഫയർഫോഴ്സ് യൂണിറ്റ് എത്തി ചില്ലകൾ മുറിച്ചു നീക്കിയതോടെയാണ് ഗതാഗത തടസ്സം ഒഴിവായത്. തായ് വേരുകൾക്ക് കേടുണ്ടായതാണ് മരം കടപുഴകാൻ കാരണമായത്. ആൽമരത്തിന് 150 വർഷത്തിലധികം പഴക്കുമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ശനിയാഴ്ച രാവിലെ തന്നെ വൈദ്യുതി ജീവനക്കാരെത്തി ക്രെയിന്റെ സഹായത്തോടെ വളഞ്ഞ വൈദ്യുതി തൂണുകൾ മാറ്റുകയും കമ്പികൾ പുനസ്ഥാപിക്കുന്നതിനുള്ള ജോലികൾ ആരംഭിക്കുകയും ചെയ്തു. ദിവസേന ധാരാളം ആളുകൾ ആൽത്തറയിലെത്തി വിശ്രമിക്കുക പതിവായിരുന്നു.