
ചേർത്തല: സംസ്ഥാനത്തെ സ്‌കൂളുകളിൽ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് പാഠപുസ്തകവും പരീക്ഷയുമുള്ള വിഷയമായിട്ടും 90 ശതമാനം വിദ്യാലയങ്ങളിലും കായികാദ്ധ്യാപകരും കളി സ്ഥലവുമില്ലെന്നും ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുന്നതിന് സ്‌കൂൾതലം മുതൽ കായിക വിദ്യാഭ്യാസം നിർബന്ധിത പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്നും കെ.പി.സി.സി ദേശീയ കായിക വേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ അദ്ധ്യായന വർഷം തന്നെ പത്താം ക്ലാസിലും ഹയർ സെക്കൻഡറിയിലും വിദ്യാർത്ഥികളുടെ കായിക അഭിരുചി പരീക്ഷ നടത്തി അതുകൂടി മൂല്യനിർണയത്തിന്റെ ഭാഗമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിനായി എല്ലാ വിദ്യാലയങ്ങളിലും സ്ഥിരം കായികാദ്ധ്യാപകരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ബാബു കൊരമ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അർജ്ജുൻ ആര്യക്കരവെളിയിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഷജിത്ത് ഷാജി പ്രവർത്തന പദ്ധതി വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി എസ്.കെ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രഭാനു,സുരേഷ് ബാബു എന്നിവർ സംസാരിച്ചു.