ambala

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കഞ്ഞിപ്പാടത്ത് വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ എസ്.എൻ കവല - വൈശ്യം ഭാഗംറോഡിൽ കൊപ്പാറക്കടവ് ഭാഗത്താണ് പഞ്ചായത്ത് അംഗം യു.എം.കബീറിന്റെ നേതൃത്വത്തിൽ നിരവധി സ്ത്രീകളും കുട്ടികളും അടക്കം റോഡ് ഉപരോധിച്ചത്. ഉപരോധം മണിക്കൂറുകളോളം നീണ്ടുപോയതിനാൽ ഗതാഗതം തടസപ്പെട്ടു. നെടുമുടി, ചമ്പക്കുളം തുടങ്ങിയയിടങ്ങളിലേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർ ഉൾപ്പടെ യുള്ളവർ കുരുക്കിൽപ്പെട്ടു. സംഘർഷാവസ്ഥ കണക്കിലെടുത്ത് അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തിയിരുന്നു. രാത്രി 7 മണിയോടെ ഡെപ്യൂട്ടി തഹസീൽദാർ ജി.സന്തോഷ് എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ഇന്ന് രാവിലെ 10ന് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസിൽ യോഗം ചേർന്ന് തീരുമാനമെടുക്കാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായിട്ടും പാടശേഖരങ്ങളിൽ പമ്പിംഗ് നടത്തി വെളളം വറ്റിക്കാത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.

പാടശേഖരങ്ങളിലെ

വെള്ളം വറ്റിക്കണം

പാടശേഖരങ്ങളിലെല്ലാം കവിഞ്ഞൊഴുകിയതോടെ പ്രദേശത്തെ വീടുകളിലേക്കും വെള്ളം കയറി. പല ഇടറോഡുകളും വെള്ളം നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. ഇതോടെ ഇതുവഴിയുള്ള യാത്രയും ദുഷ്കരമായി. കാക്കാഴംപാടം, കാട്ടുകോണം, മൂലേ പാടം, കോലടിക്കാട് തുടങ്ങിയ പാടശേഖരങ്ങളുടെ ബണ്ടുകളിലെ വീടുകൾ വെള്ളക്കെട്ടിലാണ്. കുടിവെള്ള പൈപ്പുകൾ പലതും വെള്ളത്തിനടിയിലായതിനാൽ കുടിവെള്ളം ശേഖരിക്കാനും പറ്റാത്ത അവസ്ഥമാണ്. പുറത്തിറങ്ങാനാവാത്ത തരത്തിലാണ് പല വീടുകളിലെയും പരിസരം. അടിയന്തരമായി പാടശേഖരങ്ങളിലെ മോട്ടറുകൾ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.