tur

തുറവൂർ: അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ, ദേശീയപാതയോരത്തെ സ്കൂളുകൾക്ക് മുന്നിലുള്ള ചെളിയും കുഴിയും നിറഞ്ഞ വെള്ളക്കെട്ട് കുട്ടികൾക്ക് വെല്ലുവിളിയാകുമെന്ന് ആശങ്ക.എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന തുറവൂർ മുതൽ അരൂർ വരെ ഒരു ഡസനോളം സ്കൂളുകളാണ് പാതയ്ക്ക് ഇരുഭാഗത്തുമായി സ്ഥിതി ചെയ്യുന്നത്. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന് റോഡിന് നടുവിലായി ഇരുമ്പ് ബാരിക്കേഡ് സ്ഥാപിച്ചതോടെയാണ് ഈ വിദ്യാലയങ്ങളുടെ ശനിദശ ആരംഭിച്ചത്.

നെടുകെ വിഭജിക്കപ്പെട്ട ദേശീയപാതയിൽ മഴക്കാലമായതോടെ കുണ്ടും കുഴിയും നിറഞ്ഞു. പലയിടത്തും അപകടകരമായ രീതിയിൽ വെള്ളം കെട്ടിനിൽക്കുന്നതും വീതികുറഞ്ഞ റോഡിലെ വാഹനങ്ങളുടെ അമിതവേഗവും വിദ്യാർത്ഥികളടക്കം കാൽ നടയാത്രക്കാരുടെ ജീവന് ഭീഷണിയാണ്.

അരൂർ - തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം ദേശീയപാതയെ നരകപാതയാക്കിയെന്നാണ് നാട്ടുകാർ പറയുന്നത്. 2023-ഫെബ്രുവരിയിലാണ് നിർമ്മാണംആരംഭിച്ചത്. ഒരു വർഷം പിന്നിടുമ്പോൾ 24 യാത്രക്കാരാണ് അപകടങ്ങളിൽ മരിച്ചത്. മൂന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവൻ നിർമ്മാണത്തിനിടെ നഷ്ടമായി. നൂറിലധികം പേർക്ക് അപകടങ്ങളിൽ പരിക്കേറ്റു.

ഒറ്റ തൂണുകൾക്ക് മുകളിൽ കോൺക്രീറ്റ് ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പാതയോരത്ത് റെയിൽ സ്ഥാപിച്ചതോടെ പ്രവേശന കവാടത്തിലൂടെ വാഹനങ്ങൾക്ക് സ്കൂളുകളിലേക്ക് പ്രവേശിക്കാനാവാത്ത സ്ഥിതിയുമുണ്ട്. കാൽനടയായി എത്തുന്ന കുട്ടികൾക്ക് സ്കൂളിലെത്താൻ ദേശീയപാതയിലെ ചെളിക്കുളം നീന്തി കടക്കേണ്ട സ്ഥിതിയുണ്ട്. കാലവർഷം ശക്തമാകുന്നതോടെ പ്രശ്നം ഗുരുതരമാകും. വിദ്യാർത്ഥികളുടെയും സ്‌കൂൾ വാഹനങ്ങളുടെയും തിരക്കും വർദ്ധിക്കും. എന്നിട്ടും,​ദേശീയപാതഅധികൃതരോ,​ മോട്ടോർ വാഹനവകുപ്പോ,​ പൊലീസോ യാതൊരു സുരക്ഷാനടപടിയും സ്വീകരിച്ചിട്ടില്ലെന്നത് രക്ഷിതാക്കളെ ഭീതിപ്പെടുത്തുന്നു.