tipper-lorry

മാന്നാർ: റോഡ് നിർമ്മാണത്തിനായി മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ പുനർ നിർമ്മാണം നടക്കുന്ന, മാന്നാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വൈരപ്പുറം - ചേറ്റാളപ്പറമ്പ് റോഡിനായി ഗ്രാവൽ കയറ്റി വന്ന ടിപ്പർ ലോറി റോഡിന്റെ തിട്ട ഇടിഞ്ഞതിനെ തുടർന്ന് ഇലമ്പനം തോട്ടിലേക്ക് മറിയുകയായിരുന്നു. ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. ക്ലീനർ വൈദ്യുതി തൂണിൽ പിടിച്ച് രക്ഷപ്പെട്ടു. തൊട്ടടുത്ത് തന്നെ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവർ ജെ.സി.ബി ഉപയോഗിച്ച് വാഹനം ഉയർത്തി ഡ്രൈവറെ രക്ഷപ്പെടുത്തി. ഡ്രൈവർക്ക് നിസാര പരിക്കേറ്റു.