# ഇന്ന് ലോക സൈക്കിൾ ദിനം
ആലപ്പുഴ: നാലാം വയസിൽ ലോഡ് കയറ്റിയ വലിയ സൈക്കിൾ ഉന്തിപഠിച്ചു തുടങ്ങിയ ഹരിപ്പാട് കരുവാറ്റ വടക്ക് പുത്തൻപറമ്പിൽ പൊടിയമ്മയുടെ (49) സൈക്കിൾ സവാരിക്ക് 45 വർഷം പ്രായം. ഹരിപ്പാട് എം.എൽ.എ രമേശ് ചെന്നിത്തലയെ പോയി കാണാനും, മക്കളെ സ്കൂളിലാക്കാനും എന്നുവേണ്ട എന്തിനും ഏതിനും പൊടിയമ്മയ്ക്ക് ആശ്രയം സൈക്കിളാണ്.പത്ത് വർഷം മുമ്പ് തൊഴിലുറപ്പ് ജോലിക്ക് പോകാൻ തുടങ്ങിയതോടെയാണ് സ്വന്തമായി ഒരു സൈക്കിൾ വാങ്ങിയത്. 4500 രൂപ പലിശയ്ക്കെടുത്തായിരുന്നു അത്. അതുവരെ പലരുടെ സൈക്കിൾ കടം വാങ്ങിയായിരുന്നു സവാരി.കാലപ്പഴക്കം സൈക്കിളിനെ ബാധിച്ചുതുടങ്ങിയെങ്കിലും പൊടിയമ്മയുടെ ആരോഗ്യം ഇപ്പോഴും ഉഷാർ.
പതിനാറ് വയസിന് മൂത്ത സഹോദരൻ രാജപ്പന് വീടുകളിലേക്കുള്ള സാധനങ്ങൾ സൈക്കിളിൽ എത്തിക്കുന്ന ജോലിയുണ്ടായിരുന്നു. ലോഡുമായി വീട്ടിലെത്തിയിരുന്ന സൈക്കിളാണ് നാല് വയസുകാരിയായ പൊടിയമ്മയിലെ സൈക്കിൾ പ്രേമിയെ ഉണർത്തിയത്. ആദ്യം ഉന്തി നടന്നു. അമ്പത് പൈസയ്ക്ക് വാടകയ്ക്കെടുത്ത സൈക്കിളിലായിരുന്നു പഠനം.
സഹോദരിയുടെ വിവാഹം ക്ഷണിക്കാൻ അച്ഛൻ ചെല്ലപ്പനെ പിന്നിലിരുത്തി നടത്തിയിരുന്ന സൈക്കിൾ യാത്രകളും, അമ്മ നാരായണിയെ ഉരുട്ടിയിട്ടതുമെല്ലാം ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്നു. മണ്ണഞ്ചേരി സ്വദേശി സി.പി.സന്തോഷിനെ വിവാഹം കഴിച്ച് ഭർതൃഗൃഹത്തിലെത്തിയപ്പോഴും സൈക്കിൾ കമ്പം കൈവിട്ടില്ല. അടുത്ത വീട്ടിലെ സൈക്കിളായിരുന്നു അത്യാവശ്യ യാത്രകളിൽ അന്നത്തെ കൂട്ട്.
പഴയ ലേഡി ബേർഡ്!
പതിനഞ്ച് വർഷം മുമ്പാണ് കുടുംബം മണ്ണഞ്ചേരിയിൽ നിന്ന് കരുവാറ്റ പഞ്ചായത്തിലെത്തിയത്. വാടകയ്ക്ക് താമസിക്കുന്നതിനിടെ റേഷൻ കാർഡ് ശരിയാക്കാനും, സ്ഥലം വാങ്ങാനും, ലൈഫ് പദ്ധതിയിൽ പേരുൾപ്പെടുത്താനുമെല്ലാം പൊടിയമ്മയുടെ വർഷങ്ങൾ നീണ്ട പോരാട്ടത്തിന് ഒപ്പം നിന്നതും ഇന്നും പൊന്നുപോലെ കൊണ്ടു നടക്കുന്ന 4500രൂപയുടെ ലേഡി ബേർഡ് സൈക്കിളാണ്. മക്കളായ ആദിത്യയെയും ആദർശിനെയും ഒരുമിച്ച് സൈക്കിളിന് പിന്നിലിരുത്തിയാണ് സ്കൂളിൽ കൊണ്ടുപോയിരുന്നത്. മകൾ പത്താം ക്ലാസ് കഴിഞ്ഞു. മകൻ ഇത്തവണ ഒമ്പതിലാണ്. ഇടക്കാലത്തൊരു സുമനസ് ഒരു സൈക്കിൾ നൽകിയതോടെ മകനുമായി ഒരുകൂട്ട്. ഓട്ടോക്കൂലികൊടുക്കാനില്ലാത്തതിനാൽ മകളെ വീട്ടിൽ നിന്ന് ദേശീയപാതയിലെ ബസ് സ്റ്റോപ്പ് വരെ ഇപ്പോഴും പൊടിയമ്മയെത്തിക്കും. ഭർത്താവ് സന്തോഷിന് കൂലിപ്പണിയാണ്.
സൈക്കിൾ ഒന്ന് അഴിച്ചുകൂട്ടാൻ രണ്ടായിരം രൂപയോളം വേണ്ടിവരും. അതില്ലാത്തതിനാൽ
തത്കാലം ആഞ്ഞുചവിട്ടുകയേ നിവൃത്തിയുള്ളു
- പൊടിയമ്മ