ambala

അമ്പലപ്പുഴ: ഉപജില്ലാതല പ്രവേശനോത്സവം ഗംഭീരമാക്കാൻ തയ്യാറായി നീർക്കുന്നം എസ്.ഡി.വി ഗവ.യു.പി സ്കൂൾ. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവ.യു.പി സ്കൂളായ ഇവിടെയാണ് ഇത്തവണയും ഉപജില്ലാ തല പ്രവേശനോത്സവം . ഇന്ന് രാവിലെ 10 ന് ഉപജില്ലാതല പ്രവേശനോത്സവം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാഠപാഠ്യ അനുബന്ധ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഈ സ്കൂളിൽ ഇത്തവണ മേയ് 31 വരെ, ഒന്നാം ക്ലാസിൽ പ്രവേശന നേടിയത് 111 കുട്ടികളാണ്. സ്വന്തമായി 5 സ്കൂൾ ബസ് സൗകര്യം സ്കൂളിനുണ്ട്. മികച്ച കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ് സ് റൂമുകൾ തുടങ്ങിയ സൗകര്യം എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച 6 ക്ലാസ് മുറികൾ ഉള്ള ഇരുനില കെട്ടിടം പണിപൂർത്തിയായി ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നു. സമഗ്ര ശിക്ഷ കേരളയുടെ സാമ്പത്തിക സഹായത്താൽ 10 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കൂടാരം പ്രീ സ്കൂൾ വിദ്യാഭ്യാസത്തിന്റെ കെട്ടും മട്ടും മാറ്റുന്ന വിധത്തിൽ വിദ്യാലയ അന്തരീക്ഷം വർണാഭമാക്കും.ഒന്നു മുതൽ ഏഴ് വരെ 44 ഡിവിഷനുകളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.പുതിയ അദ്ധ്യായന വർഷം പുത്തൻ കൂട്ടുകാരെ സ്വീകരിക്കുന്നത് പഠനോപകരണ കിറ്റും ബലൂണുകളും സമ്മാനമായി ഒരുങ്ങിയിരിക്കുകയാണ് അദ്ധ്യാപകരും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും.