അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തും പടിഞ്ഞാറ് ഭാഗത്ത് അഴീക്കോടൻ ജംഗ്ഷന്റെ പരിസരത്തും തെരുവ് നായ ശല്യം രൂക്ഷം. ശനിയാഴ്ച രാത്രി 7 ന് റെയിൽവെ ഗെയിറ്റിന് സമീപം വൃദ്ധന് കടിയേറ്റിരുന്നു.യാതൊരു പ്രകോപനവുമില്ലാതെ റോഡിലൂടെ നടന്നു പോയ വൃദ്ധന്റെ നേർക്ക് നായ ചാടി വീണ് അക്രമിക്കുകയായിരുന്നു. ഒരാഴ്ചക്ക് മുമ്പ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിന്ന മൂന്ന് വയസുള്ള പെൺകുട്ടിയുടെ നേരെ അക്രമിക്കാൻ ഓടി അടുത്ത നായയെ മാതാവ് കണ്ടതിനാൽ കുട്ടി രക്ഷപെട്ടു. ആശുപത്രിയുടെ പടിഞ്ഞാറു ഭാഗത്തും നായ ശല്യം രൂക്ഷമാണ്.പി.ജി.ക്വാർട്ടേഴ്സിലേക്ക് നായകളെ ഭയന്നാണ് വിദ്യാർത്ഥികൾ പോകുന്നത്. തെരുവ് നായ്ക്കളുടെ ശല്യം ഇല്ലാതാക്കുന്നതിന് അടിയന്തരമായി പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുട ആവശ്യം.