ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ ചങ്കിടിപ്പോടെ സ്ഥാനാർത്ഥികളും മുന്നണികളും. വോട്ടെടുപ്പ് കഴിഞ്ഞ് 38 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഫലപ്രഖ്യാപനം വരാനിരിക്കെ അവസാന മണിക്കൂറിലും വിജയ പ്രതീക്ഷയിലാണ് ആലപ്പുഴ, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ മുന്നണി സ്ഥാനാർത്ഥികൾ. ഇഞ്ചോടിഞ്ച് മത്സരമുണ്ടായ മാവേലിക്കരയിൽ സിറ്റിംഗ് എം.പിയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കൊടിക്കുന്നിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് യു.ഡി.എഫ് ക്യാമ്പുകളിലെ അവകാശവാദം. മുഖ്യ എതിരാളിയും ഇടതുമുന്നണി സ്ഥാനാർത്ഥിയുമായഅഡ്വ.സി.എ അരുൺകുമാർ‌ മാവേലിക്കരയിൽ അട്ടിമറിജയമാണ് പ്രതീക്ഷിക്കുന്നത്. അരലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിക്കുമെന്നാണ് ഇടതുമുന്നണിപറയുന്നത്. വിജയവാദമൊന്നുമില്ലെങ്കിലും വോട്ടിംഗ് ശതമാനത്തിൽ കാര്യമായ വർദ്ധനയുണ്ടാക്കാനാകുമെന്നാണ് എൻ.ഡി.എ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

എല്ലാവർക്കും വിജയ പ്രതീക്ഷ

സംസ്ഥാനത്ത് കഴിഞ്ഞ തവണ എൽ.ഡി.എഫിന്റെ ഏക സീറ്റായിരുന്ന ആലപ്പുഴയിൽ മൂന്ന് മുന്നണികളും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. സംഘടനാ ചുമതലക്കാരനായ മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിന്റെയും ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്റെയും സാന്നിദ്ധ്യമാണ് ആലപ്പുഴയെ സംസ്ഥാനത്തെ ശ്രദ്ധാ കേന്ദ്രമാക്കിയത്. കടുത്ത വെല്ലുവിളികൾക്കിടയിലും അരലക്ഷത്തിലധികം വോട്ടുകൾക്ക് കെ.സി വിജയിക്കുമെന്ന് യുി.ഡി.എഫ് ക്യാമ്പുകൾ തികഞ്ഞ ആത്മവിശ്വാസം പുലർത്തുമ്പോൾ ഇടതു, വലതു മുന്നണികളെ അട്ടിമറിച്ച് ആലപ്പുഴയിൽ എൻ.ഡി.എ അക്കൗണ്ട് തുറക്കുമെന്നാണ് എൻ.ഡി.എ കേന്ദ്രങ്ങളുടെ അവകാശവാദം. ആലപ്പുഴ ഇത്തവണയും എൽ.ഡി.എഫ് നിലനിർത്തുമെന്ന് ഇടതുകേന്ദ്രങ്ങൾ ആവർത്തിക്കുമ്പോൾ ഫലപ്രഖ്യാപനത്തിൽ ടെൻഷനൊന്നും കൂടാതെ കൂളായാണ് ആരിഫിന്റെ പ്രതികരണം. ഏപ്രിൽ 26ന് വോട്ടെടുപ്പ് അവസാനിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥികളായ കെ.സിയ്ക്കും കൊടിക്കുന്നിലിനും വിശ്രമമില്ലാത്ത ദിവസങ്ങളായിരുന്നു. ദേശീയ തലത്തിൽ ഇന്ത്യാമുന്നണിയുടെ പ്രചരണ ചുമതലയിലായിരുന്നു ഇരുവരും.

ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ

1.ആലപ്പുഴയിലെ വലത് മുന്നണി സ്ഥാനാർത്ഥി കെ.സിവേണുഗോപാൽ ഇന്ന് ഡൽഹിയിൽ നിന്ന് മടങ്ങിയെത്തുമെന്നാണ് വിവരം. ആലപ്പുഴ പഴവീടിലെ വീട്ടിലോ ഡി.സി.സി ഓഫീസിലോ നേതാക്കൾക്കും പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമൊപ്പമാകും വോട്ടെണ്ണൽ ടി.വിയിൽ വീക്ഷിക്കുക

2. ആലപ്പുഴയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി അഡ്വ.എ.എം.ആരിഫ് സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിൽ പ്രവർത്തകർക്കൊപ്പമിരുന്നാവും ടെലിവിഷനിൽ ഫലം കാണുക

3. എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇന്ന് തൃശൂരിൽ നിന്ന് ആലപ്പുഴയിലെത്തും. കളർകോട്ടെ വാടക വീട്ടിലോ, ജില്ലാ കമ്മിറ്റി ഓഫീസിലോ ആവും റിസൾട്ട് വീക്ഷിക്കുക

4. മാവേലിക്കരയിലെ വലത് മുന്നണി സ്ഥാനാർത്ഥി കൊടിക്കുന്നിൽ ഒരാഴ്ച മുമ്പാണ് ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയത്. ചെങ്ങന്നൂരിലോ മാവേലിക്കരയിലോ പാർട്ടി ഓഫീസിലിരുന്നാവും വേട്ടെണ്ണൽ വിശേഷങ്ങൾ കാണുക

5.മാവേലിക്കരയിലെ ഇടതുമുന്നണിസ്ഥാനാർത്ഥി അഡ്വ.സി.എ അരുൺകുമാറും മാവേലിക്കരയിലെ പാർട്ടി ഒഫീസിലിരുന്നാകും വോട്ടെണ്ണൽ വീക്ഷിക്കുക

രാവിലെ എട്ടിന് തുടക്കം

നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. രാവിലെ 7.30 ന് സ്‌ട്രോംഗ് റൂം തുറന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തിക്കും. രാവിലെ എട്ടിന് പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും. ഇതേസമയം തന്നെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണലും ആരംഭിക്കും. സുരക്ഷയ്ക്കായി കേന്ദ്ര സേനയെയും പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. കർശന നിയന്ത്രണങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്.