
ആലപ്പുഴ: ഇന്നലെ വരെ മഴയുടെ തണുപ്പിൽ മൂടിപ്പുതച്ചു കിടന്നുറങ്ങിയിരുന്നവർ അവധിക്കാലത്തിന് ഗുഡ്ബൈ പറഞ്ഞ് ഇന്ന് മുതൽ വീണ്ടും വിദ്യാലയ അന്തരീക്ഷത്തിലേക്ക്. ജില്ലയിലെ എല്ലാ സ്കൂളുകളും അണിഞ്ഞൊരുങ്ങുകയാണ് ഇന്ന് കുരുന്നുകളെ സ്വീകരിക്കാൻ. ഒന്നാം ക്ലാസുകാരും എൽ.കെ.ജിക്കാരും ലേശം അമ്പരപ്പോടെയാവും ഇന്ന് പുത്തൻ അന്തരീക്ഷത്തിലേക്ക് എത്തുക. ഇവരെ സന്തോഷിപ്പിക്കാൻ വർണ്ണത്തൊപ്പികളും, ബലൂണുകളും, മധുര മിഠിയികളും, പായസവും അടക്കം ഒരുക്കി കാത്തിരിക്കുന്ന അദ്ധ്യാപകരുണ്ട്. ഒന്നാം ക്ലാസിൽ എത്ര പേർ ഈ വർഷം പ്രവേശിച്ചു എന്ന ഔദ്യോഗിക കണക്ക് സ്കൂൾ അദ്ധ്യയനത്തിന്റെ ആറാം പ്രവൃത്തി ദിനത്തിലേ വ്യക്തമാകു. രണ്ട് മുതൽ പത്ത് വരെ ക്ലാസുകളിലായി 1,23,117 പേരാണ് ഗവ. എയ്‌ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്നത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് സ്‌കൂളുകളിലേക്കുള്ള പ്രവേശനം തടസപ്പെടുന്നില്ലെന്ന് അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. സ്‌കൂളുകളിൽ ശുദ്ധജലവും കുടിവെള്ളവും ഉറപ്പുവരുത്തി. പല വിദ്യാലയങ്ങളും ആദ്യ ദിനമായ ഇന്ന് തന്നെ ഉച്ചഭക്ഷണവും ഒരുക്കുന്നുണ്ട്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി സ്‌കൂൾ കെട്ടിടങ്ങളുടെയും ബസുകളുടെയും ഫിറ്റ്‌നസ് പരിശോധന, സ്‌കൂൾ പരിസരത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്ന പ്രവൃത്തികൾ, ശുചീകരണ പ്രവൃത്തികൾ എന്നിവ നേരത്തെ പൂർത്തിയാക്കിയിരുന്നു.
ജില്ലാതല പ്രവേശനോത്സവം
കായംകുളം പത്തിയൂർ പഞ്ചായത്ത് ഹൈസ്‌കൂളിൽ യു. പ്രതിഭ എം.എൽ.എ നിർവഹിക്കും
എല്ലാ കുട്ടികൾക്കും പുതിയ അദ്ധ്യന വർഷത്തിലേക്ക് സ്വാഗതം. വിദ്യാലയങ്ങളിലെല്ലാം ആവശ്യമായ സംവിധാനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്
- എ.കെ.പ്രജീഷ്, ഡി.ഡി.ഇ, ആലപ്പുഴ