
മാന്നാർ : മലിനജലത്തിലൂടെ നീന്തി നടക്കാൻ വിധിച്ച് മാന്നാർ ഗ്രാമ പഞ്ചായത്ത് പത്താം വാർഡിലെ പത്തോളം കുടുംബങ്ങൾ. തുടർച്ചയായി പെയ്ത മഴയിൽ വീടും പരിസരവും വഴിയുമെല്ലാം മലിന ജലത്താൽ ചുറ്റപ്പെട്ടതിനാൽ ഈ ദുരിതം. പള്ളിയമ്പിൽ ഭാഗത്തുള്ള പത്തോളം വീടുകളുടെ സമീപത്തുകൂടിയുള്ള കൈത്തോട് മണ്ണ് നിറഞ്ഞും മാലിന്യം വന്നടിഞ്ഞതും മൂലം നീരൊഴുക്ക് നിലച്ചതാണ് വർഷങ്ങളായുള്ള ദുരവസ്ഥയ്ക്ക് കാരണം. ചുറ്റുപാടും വെള്ളം കെട്ടിനിൽക്കുന്നതിനാൽ പരിസരമാകെ ദുർഗന്ധവും പ്രദേശത്ത് കൊതുകിന്റെയും അട്ടയുടെയും ശല്യവും വർദ്ധിച്ചു. കെട്ടിനിൽക്കുന്ന മലിന ജലം കിണറുകളിലേക്കും ഇറങ്ങുന്നതോടെ കുടിവെള്ളവും മലിനമായി മാറുന്ന അവസ്ഥയാണ്. ഇതുമൂലം പലവിധ പകർച്ചവ്യാധികളും, ജലജന്യ രോഗങ്ങളും ഉണ്ടാവുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനും സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾക്കും കാലവർഷം എത്തുന്നതോടെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും.
..........
#പരാതികൾക്ക് പരിഹാരമില്ല
തങ്ങളുടെ ദുരിതത്തിന് അറുതിയുണ്ടാകുവാൻ പലതവണ അധികൃതരുടെ മുന്നിൽ പരാതികൾ നൽകി. പഞ്ചായത്തിലും വില്ലേജിലും കൂടാതെ, മുഖ്യമന്ത്രിയുടെ നവ കേരള സദസിലും പരാതികൾ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥലം സന്ദർശിച്ച് അവസ്ഥ നേരിട്ട് കാണുകയും ചെയ്തു. പക്ഷേ നാളിതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല. കൈതോട് വൃത്തിയാക്കി മാലിന്യങ്ങൾ നീക്കം ചെയ്ത് അധികൃതർ ഈ അവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.