ആലപ്പുഴ: സ്കൂൾ തുറക്കലും വോട്ടെണ്ണലുമായി ബന്ധപ്പെട്ട് നഗര നാട്ടിൻപുറഭേദമന്യേ ജില്ലയിലുടനീളം സുരക്ഷ ശക്തമാക്കി പൊലീസ്. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാലയ പരിസരങ്ങളും പ്രധാന ജംഗ്ഷനുകളുമെല്ലാം ഇന്ന് രാവിലെ 7 മണിമുതൽ പൊലീസിന്റെ നിയന്ത്രണത്തിലാകും.

1.ആലപ്പുഴ നഗരത്തിലെ എല്ലാ ജംഗ്ഷനുകളിലും ഗതാഗത നിയന്ത്രണത്തിനും യാത്രക്കാരുടെ സുരക്ഷയ്ക്കും പൊലീസുകാരുടെയും ഹോം ഗാർഡിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികളെ റോഡ് മുറിച്ച് കടക്കാനും മറ്റും സഹായിക്കാൻ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, എൻ.സി.സി , സ്കൗട്ട് ആന്റ് ഗൈഡ് വിഭാഗങ്ങളുടെസഹായവും ലഭ്യമാക്കും.

2.സ്കൂൾ ബസുകളുൾപ്പെടെ കുട്ടികളെ കുത്തിനിറച്ച് വരുന്ന വാഹനങ്ങൾക്കും കുട്ടികളെ കയറ്റാതെ പോകുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെ പൊതുയാത്രാ വാഹനങ്ങളും പൊലീസും മോട്ടോർ വാഹന വകുപ്പും നടപടിയെടുക്കും. ഫിറ്റ് നസില്ലാത്തവ പിടിച്ചെടുക്കും

3. അദ്ധ്യയന വർഷത്തിന്റെ രണ്ടാം ദിവസമായ നാളെ വോട്ടെണ്ണൽ കൂടി നടക്കാനിരിക്കെ ജില്ലയിലാകമാനം ശക്തമായ സുരക്ഷയാണ് പൊലീസ് സജ്ജീകരിച്ചിരിക്കുന്നത്. പ്രശ്ന ബാധിത മേഖലകളിലും സ്കൂൾ കോളേജ് പരിസരങ്ങളിലും പൊലീസ് പട്രോളിംഗും നിരീക്ഷണവും ശക്തമാക്കും.