ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള എല്ലാ സജ്ജീകരണങ്ങളും ജീവനക്കാരുടെ വിന്യാസവും പൂർത്തിയായതായി ജില്ല കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളുടെ വോട്ടെണ്ണൽ രണ്ട് കേന്ദ്രങ്ങളിലായാണ് നടക്കുന്നത്.
സെന്റ് ജോസഫ്‌സ് കോളജ് ഫോർ വിമൻ, എച്ച്. എസ്. ആൻഡ് എച്ച്.എസ്.എസ് ആണ് ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം. മാവേലിക്കര ബിഷപ്പ് മൂർ കോളജാണ് മാവേലിക്കര മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം. അരൂർ, കായംകുളം, കരുനാഗപ്പള്ളി നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണൽ സെന്റ് ജോസഫ്‌സ് കോളേജ് ഫോർ വിമനിൽ നടക്കും. ആലപ്പുഴ, ഹരിപ്പാട്, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണൽ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലും ചേർത്തല നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിലും നടക്കും.