
തുറവൂർ : നൂറ് കണക്കിന് അക്കൗണ്ട് ഉടമകളെ വഴിയാധാരമാക്കി പറയകാട് പോസ്റ്റ് ഓഫീസിൽ ബാങ്കിംഗ് സേവനം നിലച്ചിട്ട് ഒരു മാസം. പോസ്റ്റ് ഓഫീസിൽ സ്ഥിരം ജീവനക്കാർ ഇല്ലാത്തതാണ് കാരണം. നിലവിലുണ്ടായിരുന്ന പോസ്റ്റ് മാസ്റ്ററും,പോസ്റ്റ്മാനും ഒരു വർഷം മുൻപ് പ്രമോഷൻ ,ട്രാൻസ്ഫർ എന്നിവ ലഭിച്ച് പോയതോടെയാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐ.പി.പി.ബി) അക്കൗണ്ട് ഉടമകളുടെ ശനിദശ ആരംഭിച്ചത്. പോസ്റ്റ് ഓഫീസിന്റെ ദൈനംദിന പ്രവർത്തനത്തിന് താല്ക്കാലിക ജീവനക്കാരെ ഓരോ മാസത്തേക്ക് നിയമിക്കുന്നുണ്ടെങ്കിലും അവർക്ക് ഡിവൈസ് അറ്റസ്റ്റേഷന് അംഗീകാരം നൽകാത്തതിനാൽ എഴുപുന്ന പോസ്റ്റ് ഓഫീസിലെ ഒരു ജീവനക്കാരന്റെ ചുമതലയിലാണ് ഒരു മാസം മുൻപ് വരെ ഐ.പി.പി.ബി സേവനങ്ങൾ ലഭ്യമാക്കിയിരുന്നത്. ഇപ്പോൾ ഈ ജീവനക്കാരനും ഇവിടെ ഡ്യൂട്ടിയ്ക്ക് എത്താതായതോടെ ബാങ്കിഗ് സേവനങ്ങൾ നിലച്ചു.
ഏറെ വർഷങ്ങൾക്ക് മുൻപ് പറയകാട് നാലുകുളങ്ങര ദേവസ്വം വാടകയില്ലാതെ നൽകിയ കെട്ടിടത്തിലാണ് പറയകാട് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്.
തൊഴിലുറപ്പ് ആനുകൂല്യങ്ങളും കൈപ്പറ്റാനാകുന്നില്ല
1.പറയകാട് പോസ്റ്റാഫീസിലെ നൂറുകണക്കിന് അക്കൗണ്ട് ഉടമകൾക്ക് തൊഴിലുറപ്പ്, കിസാൻ സമ്മാൻ നിധി തുടങ്ങിയവയുടെ പദ്ധതി ആനുകൂല്യങ്ങൾ കൈപ്പറ്റാനാവാത്ത സ്ഥിതിയാണ്.
2.ഇൻഷ്വറൻസ്, പെൻഷൻ മ്യൂച്ച്വൽ ഫണ്ടുകൾ എന്നീ സേവനങ്ങളും ഇപ്പോൾ ഇവിടെ ലഭ്യമല്ല. പോസ്റ്റ് ഓഫീസിൽ ബാങ്കിങ് ഇടപാടുകൾക്കായി എത്തുന്നവർ ഓരോ ദിവസവും നിരാശരായി മടങ്ങുന്നു
3. സുകന്യ സമൃദ്ധി അക്കൗണ്ട് സമാഹരണത്തിൽ ജില്ലയിലെ ഏറ്റവും നല്ല പോസ്റ്റാഫീസിനുള്ള അവാർഡ് നേടിയ പറയകാട് പോസ്റ്റാഫീസിനെ തപാൽ വകുപ്പ് അധികൃതർ മന:പൂർവം അവഗണിക്കുകയാണെന്ന് പരാതിയുണ്ട്.