kodathi

ആലപ്പുഴ: സ്കൂൾ തുറപ്പിന് പിന്നാലെ നഗരത്തിൽ ഗതാഗതം അഴിയാക്കുരുക്കായി. നഗരത്തിലെ സ്കൂൾ, കോളേജ് പരിസരങ്ങളിലെല്ലാം പൊലീസിന്റെ നിരീക്ഷണമുണ്ടായിട്ടും ആദ്യ ദിനത്തിൽ തന്നെ യാത്രക്കാർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി. നഗരത്തിൽ രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഉച്ചയ്ക്ക് ശേഷമാണ് അഴിഞ്ഞത്. കളർകോട്, കൊമ്മാടി ഭാഗങ്ങളിൽ ദേശീയ പാതയിൽ നിന്നുള്ള റോഡുകളുൾപ്പെടെ നഗരത്തിലെ മുഴുവൻ റോഡുകളും കുരുക്കിലകപ്പെട്ടതോടെ യാത്രക്കാർ ഇടം വലം തിരിയാനാകാതെ വലഞ്ഞു.

കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഉൾപ്പെടെ ഗതാഗത കുരുക്കിലകപ്പെട്ടതോടെ യഥാസമയം ഓഫീസുകളിലെത്താനാകാതെ സർക്കാർ ജീവനക്കാരും മറ്റ് യാത്രക്കാരും വഴിയിൽപ്പെട്ടു. ലോക്സഭാതിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കുന്ന ഇന്നും നഗരത്തിൽ ഗതാഗതകുരുക്ക് ആവർത്തിക്കാനാണ് സാദ്ധ്യത.

പെരുവഴിയിലായത് മണിക്കൂറുകൾ

1. കല്ലുപാലം - ആലുക്കാസ് റോഡ്, മുല്ലയ്ക്കൽ റോഡ്, കോടതിപ്പാലം- വൈ.എം.സി.എ കനാലിന്റെ ഇരുകരകളിലുമുള്ള റോഡ്, പ്രസ്ക്ളബ് - താലൂക്ക് ഓഫീസ് റോഡ്, ജില്ലാകോടതി റോഡ്, ജനറൽ ആശുപത്രി- സിവിൽ സ്റ്റേഷൻ റോഡ്, ജനറൽ ആശുപത്രി -വൈ.എം.സി.എ റോഡ് എന്നിവിടങ്ങളിലെല്ലാം വാഹനങ്ങൾ കുരുങ്ങിക്കിടന്നു

2. ഗതാഗത കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ഇടറോഡുകളിലേക്ക് ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും പാഞ്ഞതോടെ അവിടങ്ങളും കുരുക്കിലകപ്പെട്ടു. പൊലീസും ട്രാഫിക് വാർ‌ഡൻമാരും ഏറെപണിപ്പെട്ടാണ് വാഹനങ്ങൾ കടത്തിവിട്ടത്

3.എസ്.ഡി കോളജ്, ടി.ഡി സ്കൂൾ, സെന്റ് ആന്റണീസ്, സെന്റ് ജോസഫ്, ലിയോതേർട്ടീന്ത്, മുഹമ്മദൻസ്, ലജ്നത്ത് തുടങ്ങിയ സ്കൂൾ പരിസരങ്ങളിൽ കുട്ടികളെ എത്തിക്കാനും തിരികെ കൊണ്ടുപോകാനുമെത്തിയ വാഹനങ്ങളും ഗതാഗത തടസത്തിനിടയാക്കി

.......................

പാർക്കിംഗ് പ്രശ്‌നമാണ്

നഗരത്തിൽ രൂക്ഷമായ ഗതഗാത കുരുക്ക് കണക്കിലെടുത്ത് അനധികൃത പാർക്കിംഗ് ഉൾപ്പെടെ ഗതാഗത തടസത്തിനിടയാക്കുന്ന സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കാൻ പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. തിരക്കേറിയ റോഡുകളുടെ വശങ്ങളിലെ പാർക്കിംഗ് ഓഴിവാക്കിയാൽ തന്നെ ഗതാഗത കുരുക്കിന് വലിയ ആശ്വാസമാകും. കോടതിപ്പാലം റോഡിലെ പാർക്കിംഗും വഴിയോരക്കച്ചവടവുമാണ് ഗതാഗത തടസത്തിന് കാരണം. അനധികൃത കച്ചവടവും റോഡ് കൈയേറ്റങ്ങളും കർശനമായി തടയുമെന്ന് സിറ്റി ട്രാഫിക് എൻഫോഴ്സ് മെന്റ് വിഭാഗം അറിയിച്ചു.