
ആലപ്പുഴ : രൂപക്കൂടിനു മുന്നിൽ കത്തിച്ചുവച്ച മെഴുകുതിരി മറിഞ്ഞു വീണ് വീടിന് തീപിടിച്ചു. ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പുന്നമട തോട്ടത്തോട് പാലത്തിന് പടിഞ്ഞാറ് വശം പഴുക്കാറ ഹൗസിൽ ചാക്കോ ജോസഫിന്റെ വീടിനാണ് ഇ്നലെ രാവിലെ പത്തുമണിയോടെയാണ് തീപിടിച്ചത്. ചാക്കോ ജോസഫും ഭാര്യയും മകനെ സ്കൂളിൽ വിടാനായി പോയിരുന്നു. ഇവർ ഇറങ്ങും മുമ്പ് രൂപക്കൂടിന് മുന്നിൽ മെഴുകുതിരികൊളുത്തി പ്രാർത്ഥിച്ചിരുന്നു. വീട്ടുകാർ വീട് പൂട്ടിപോയശേഷം മെഴുകുതിരി രൂപക്കൂട്ടിൽ മറിഞ്ഞുവീണ് തീപടർന്നതാണ് തീപിടിത്തത്തിന് കാരണമായതെന്ന് ഫയർഫോഴ്സ് പറഞ്ഞു.
രൂപക്കൂടിന് താഴെയുണ്ടായിരുന്ന
സോഫ സെറ്റിയിലേക്ക് പടർന്ന് മറ്റ് ഗൃഹോപകരണങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. സെറ്റിയിലുണ്ടായിരുന്ന ബാഗിലെ സ്പ്രേ ബോട്ടിൽ , സ്പ്രേ പെയിന്റ് ബോട്ടിൽ എന്നിവ പൊട്ടിത്തെറിച്ച ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ എം.എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽസ്ഥലത്തെത്തിയ അഗ്നി രക്ഷാസേനയാണ് തീ കെടുത്തിയത്. ഫയർഫോഴ്സെത്തി തീകെടുത്തിയശേഷമാണ് മകനെ സ്കൂളിൽ വിടാൻ പോയ ദമ്പതികൾ തിരിച്ചെത്തിയത്.
ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ബെഞ്ചമിൻ എ.ജെ, സജേഷ് സി.കെ, എച്ച്.പ്രശാന്ത് ,സനൽകുമാർ.എസ്, ജോബിൻ ജോസഫ് ,പി.പി.പ്രശാന്ത് ,കണ്ണൻ.എസ് ,വുമൺ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ അഞ്ജലി.ബി ,ദർശന എൻ.ആർ ,ഹോംഗാർഡ് ലൈജു എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത് .