എട്ടരയോടെ ആദ്യ ഫലസൂചന

ആലപ്പുഴ : ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ വിജയികളെ ഇന്നറിയാം.

രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ വന്നേക്കും.

ജില്ലയിൽ ആലപ്പുഴ മണ്ഡലത്തിലെ വോട്ടെണ്ണൽ സെന്റ് ജോസഫ്‌സ് കോളജ് ഫോർ വിമൻ, എച്ച്. എസ്. ആൻഡ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലും മാവേലിക്കര മണ്ഡലത്തിലേത് മാവേലിക്കര ബിഷപ്പ് മൂർ കോളേജിലുമാണ്.

ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിൽ നിലവിലെ ട്രെൻഡനുസരിച്ച് അവസാന റൗണ്ടോടെ മാത്രമേ ചിത്രം വ്യക്തമാകൂ. മാവേലിക്കരയിൽ മുന്നണികൾ ഒപ്പത്തിനൊപ്പം മുന്നേറാനാണ് സാദ്ധ്യത. എൻ.ഡി.എ വോട്ട് വിഹിതം കാര്യമായി വർദ്ധിക്കാൻ സാദ്ധ്യതയുള്ള ആലപ്പുഴയിലും പകുതിയിലധികം വോട്ടുകളെങ്കിലും എണ്ണിക്കഴിഞ്ഞാലേ ജയപരാജയ സാദ്ധ്യതകൾ വ്യക്തമാവുകുയുള്ളൂ.

ഇ.വി.എം കൗണ്ടിംഗ് ടേബിൾ, റിട്ടേണിംഗ് ഓഫീസർ ടേബിൾ, പോസ്റ്റൽ ബാലറ്റ് ടേബിൾ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളുടെ കൗണ്ടിംഗ് ഏജന്റമാരുണ്ടാകും. ആലപ്പുഴ മണ്ഡലത്തിൽ ഇ.വി.എം, പോസ്റ്റൽ ബാലറ്റ് ഇ.ടി.പി.ബി.എം.എസ്. വോട്ടെണ്ണലിനായി ആകെ 759 ജീവനക്കാരെയുംമാവേലിക്കരയിൽ 768 ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

എല്ലാം ക്യാമറയിൽ

 ഇ.ടി.പി.ബി.എം.എസ് (ഇലക്ട്രോണിക്കലി ട്രാൻസ് മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടെണ്ണലിനായി ആലപ്പുഴയിൽ 22 ഉം മാവേലിക്കരയിൽ 25ഉം ടേബിളുകൾ

 എല്ലാ കൗണ്ടിംഗ് ടേബിളുകളും ഉദ്യോഗസ്ഥരും ക്യാമറ നിരീക്ഷണത്തിലായിരിക്കും

 കൗണ്ടിംഗ് വീക്ഷിക്കാൻ ഏജന്റുമാർക്ക് എല്ലാ കേന്ദ്രങ്ങളിലും സ്ഥലം ക്രമീകരിച്ചിട്ടുണ്ട്

 നിയോജകമണ്ഡലാടിസ്ഥാനത്തിൽ കേന്ദ്ര ഒബ്സർവർമാരും മൈക്രോ ഒബ്സർവർമാരും ഉണ്ടാകും

14

വോട്ടെണ്ണലിനായി ഓരോ നിയോജക മണ്ഡലത്തിലും 14 ടേബിളുകൾ. ഒരു റൗണ്ടിൽ ഒരു നിയോജക മണ്ഡലത്തിലെ 14 ബൂത്തുകളിലെ വീതം വോട്ടാണ് അത്രയും ടേബിളുകളിലായി എണ്ണിത്തീരുക

ആലപ്പുഴ മണ്ഡലം

ആകെ വോട്ടർമാർ : 14,00,082

പോൾ ചെയ്തത് : 10,50,726

പോസ്റ്റൽ ബാലറ്റ് വോട്ടുകൾ: 17,971

മേയ് 29 -വരെ ലഭിച്ച ഇ.ടി.പി.ബി.എം.എസ് (ഇലക്ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടുകൾ : 3082.

മാവേലിക്കര മണ്ഡലം

ആകെ വോട്ടർമാർ : 13,31,880

പോൾ ചെയ്തത് : 8,78,360

പോസ്റ്റൽ ബാലറ്റ് വോട്ടുകൾ 19018

മേയ് 25 -വരെ ലഭിച്ച ഇ.ടി.പി.ബി.എം.എസ് ഇലക്ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടുകൾ : 3539.

പാർലമെന്റ് മണ്ഡലവും നിയമസഭാ മണ്ഡലങ്ങളും

ആലപ്പുഴ

അരൂർ, ചേർത്തല,ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി

മാവേലിക്കര

ചെങ്ങന്നൂ‌ർ, മാവേലിക്കര, കുട്ടനാട്,കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം, ചങ്ങനാശേരി

.