ആലപ്പുഴ: ജില്ലയിൽ ഹോട്ടലുകളിലെ മലിനജലവും മറ്റു മാലിന്യങ്ങളും ശേഖരിച്ചു കൊണ്ടു പോകുന്ന ടാങ്കർ ലോറികൾ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരം സർക്കാർ അടിയന്തരമായി ഇടപെട്ട് ഒത്തുതീർപ്പാക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സമരം മൂലം ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാകും.സമരം തുടരുകയാണെങ്കിൽ അതിന് ബദൽ സംവിധാനം സർക്കാർ ഇടപെട്ടുകൊണ്ട് സ്വീകരിക്കണമെന്നും കേരള ഹോട്ടൽ റസ്റ്റോറന്റ് അസോ. സംസ്ഥാന സെക്രട്ടറി റോയി മഡോണ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മനാഫ് കുബാബയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി നാസർ.ബി.താജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കോയ, നവാസ്, മോഹൻദാസ്, എസ്.കെ.നസീർ, രാജേഷ് പടിപ്പുര, പി.മുരളീധരൻ, നന്ദകുമാർ എന്നിവർ പങ്കെടുത്തു.