മുഹമ്മ: മണ്ണഞ്ചേരി പൊന്നാട് ഗവ.എൽ പി സ്കൂളിൽ കർണാടക സ്വദേശികളുടെ മക്കൾ പഠിതാക്കളായി എത്തിയത് പ്രവേശനോത്സവത്തിന് പുതുമയായി. കുട്ട വഞ്ചിയിൽ മീൻ പിടിച്ചു ജീവിക്കുന്ന മൂന്നു സഹോദരങ്ങളുടെ അഞ്ച് മക്കളാണ് ഇവിടെ പ്രവേശനം നേടിയത്. കർണാടക മൈസൂർ ജില്ലയിലെ നെല്ലൂർപാല പഞ്ചായത്തിലെ ബി.ബി.സി കോളനിയിലെ സുനിൽ -സവിത ദമ്പതികളുടെ മകൾ രാഖി എൽ.കെ.ജിലും ഋഷി ഒന്നാം ക്ളാസിലും കൃഷ്ണ -ലക്ഷ്മി ദമ്പതികളുടെ മക്കളായ പ്രീതം ഒന്നാം ക്ളാസിലും വിരാട് മൂന്നാം ക്ളാസിലും ഗണേഷ് -സുമ ദമ്പതികളുടെ മക്കളായ ജാനു മൂന്നാം ക്ളാസിലുമാണ് പഠിക്കാനെത്തിയത്. ഇവരുടെ മൂത്ത മകളായ അനിത പൊന്നാട് സ്കൂളിലെ പഠനശേഷം ഇപ്പോൾ കെ.പി.എം യു.പി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർഥിനിയാണ്. ഇവർ എല്ലാവരും ഇവിടത്തെ അങ്കണവാടികളിൽ പഠിച്ചവരാണ്. ഇവരുടെ കുടുംബം കേരളത്തിൽ എത്തിയിട്ടുണ്ട് 10 വർഷത്തികഴിഞ്ഞു. എന്നാൽ,​ പൊന്നാട് സ്കൂളിന് സമീപം താമസമാക്കിയിട്ട് രണ്ടു വർഷമേ ആയുള്ളു. ഇവർ കൂട്ടുകുടുംബമായാണ് ഇവിടെ കഴിയുന്നത്. പഠിത്തത്തിൽ ശ്രദ്ധയുള്ളവരും മലയാളി കുട്ടികളുമായി വളരെ നന്നായി സൗഹൃദം പുലർത്തുന്നവരുമാണ് കർണ്ണാടകയിലെ കുട്ടികളെന്ന് ഹെഡ് മിസ്ട്രസ് കെ.എസ്. ശൈല പറഞ്ഞു.