
ആലപ്പുഴ: കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി യാത്രചെയ്‌ത സംഭവത്തിൽ യൂട്യൂബർ ടി.എസ്. സജുവിനും (സഞ്ജു ടെക്കി-29) സുഹൃത്തുക്കൾക്കുമെതിരെ മണ്ണഞ്ചേരി പൊലീസ് കേസെടുത്തു. ആലപ്പുഴ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ആർ.രമണന്റെ പരാതിയിലാണ് നടപടി. സഞ്ജു ഒന്നാംപ്രതിയും കാറോടിച്ച അവലൂക്കുന്ന് സ്വദേശി സൂര്യനാരായണൻ രണ്ടാം പ്രതിയുമാണ്.
ഇവർക്കൊപ്പം യാത്ര ചെയ്‌ത ആലപ്പുഴ സ്വദേശികളായ സ്റ്റാൻലിൻ ക്രിസ്റ്റഫർ (28), ജി.അഭിലാഷ് (29) എന്നിവരാണ് മറ്റു പ്രതികൾ. അശ്രദ്ധമായി പൊതുനിരത്തിൽ വാഹനമോടിക്കുക,മനുഷ്യജീവന് അപകടമുണ്ടാക്കുക,പൊതുജനസുരക്ഷയ്ക്ക് വിഘാതമുണ്ടാക്കുക തുടങ്ങിയവയാണ് കുറ്റങ്ങൾ. സഞ്ജു ടെക്കിക്കെതിരെ മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിക്കും റിപ്പോർട്ട് നൽകി. ഗതാഗത നിയമ ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ഇന്നലെ രാവിലെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും സമർപ്പിച്ചു. സഞ്ജുവിന്റെ കാർ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സംഭവത്തിൽ സ്വമേധയാ ഇടപെട്ട ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഏഴിന് ഹൈക്കോടതി കേസ് പരിഗണിച്ചേക്കും. ശിക്ഷാ നടപടികളുടെ ഭാഗമായി എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ചിൽ ഇന്നലെ ആരംഭിച്ച ബോധവത്കരണ ക്ലാസിൽ സഞ്ജുവും സുഹൃത്തുക്കളും പങ്കെടുക്കുന്നുണ്ട്. സഞ്ജു മടങ്ങിയെത്തി വിശദീകരണം തേടിയ ശേഷമായിരിക്കും കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിൽ നടപടിയെടുക്കുക.
കടുത്ത നടപടിയെന്ന്
മന്ത്രി ഗണേശ് കുമാർ
തിരുവനന്തപുരം: കാറിൽ സ്വിമ്മിംഗ് പൂളുണ്ടാക്കി ഓടിച്ച സഞ്ജു ടെക്കിക്കെതിരെ കടുത്ത നടപടിയെന്ന് മന്ത്രി കെ.ബി.ഗണേശ്കുമാർ അറിയിച്ചു. യൂട്യൂബർക്ക് പണക്കൊഴുപ്പിന്റെ അഹങ്കാരമാണെന്നും മോട്ടോർ വാഹന വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വീഡിയോയ്ക്ക് റീച്ചുകൂട്ടാൻ ഇനിയും നിയമലംഘനങ്ങളുമായി വരാത്ത തരത്തിൽ മുൻ വീഡിയോകളിലെ നിയമലംഘനങ്ങളടക്കം പരിശോധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം അറിയിച്ചു. പണമുള്ളവൻ കാറിലല്ല സ്വിമ്മിംഗ് പൂൾ പണിയേണ്ടത്,വീട്ടിൽ പണിയണം. ഭ്രാന്തന്മാർ സമനില തെറ്റി കാണിക്കുന്ന വേലകൾക്ക് നമ്മളായി റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്. മോട്ടോർ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളി വേണ്ട,പഴയ കാലമല്ലെന്നും മന്ത്രി പറഞ്ഞു.