ghh

ഹരിപ്പാട്: ടാറിംഗ് നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ റോഡ് തകർന്നതിനെത്തുടർന്ന് പ്രതിഷേധം ശക്തം. പ്രതിമുഖം മുതൽ വാത്തുകുളങ്ങര ക്ഷേത്രത്തിനു വടക്കുവശം വരെയുള്ള പി.ഡബ്ല്യൂ ഡി. റോഡിന്റെ ഭാഗങ്ങളാണ് ടാർ ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തകർന്നത്. ടാർ ഇളകിമാറി കുഴികൾ രൂപപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

പി.ഡബ്ല്യൂ.ഡി ഗസ്റ്റ്‌ ഹൗസിനു മുന്നിലൂടെയുള്ള റോഡിനാണ് ഈ ദുരവസ്ഥ. മഴ ശക്തമായതോടെ കുഴികളിൽ വെള്ളം കെട്ടി കിടക്കുകയാണ്. റെയിൽവേ സ്റ്റേഷനോട് ചേർന്നു കിടക്കുന്ന എഴിക്കകത്ത് ജംഗ്ഷനിലെ റെയിൽവേ ഗേറ്റ് അടച്ചിടുമ്പോൾ എടത്വാ ഭാഗത്തേക്കുള്ള യാത്രക്ക് ഉപകരിക്കുന്ന പ്രധാന റോഡാണിത്. മഴ കനക്കുന്നതോടെ റോഡിന്റെ അവസ്ഥ കൂടുതൽ ദയനീയമാകും. ടാർ ചെയ്യുന്നതിന് മുൻപ് ഇത്രയും കുഴികൾ റോഡിൽ ഇല്ലാതിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണി

 ഇളകിയ ടാറും മെറ്റലും ചേർന്ന് റോഡിൽ കിടക്കുന്നത് ഇരു ചക്ര വാഹന യാത്രക്കാർക്ക് ഭീഷണി

 ഹരിപ്പാട് നഗരസഭ പ്രാഥമികാരോഗ്യ കേന്ദ്രം, നെല്പുര കടവ്, വാത്തുകുളങ്ങര എൽ.പി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്

 സ്കൂൾ തുറന്നതോടെ കാൽനടയായി പോകുന്ന കുട്ടികളും ബുദ്ധിമുട്ടും

റോഡിന്റെ അവസ്ഥയ്ക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പി.ഡബ്ല്യൂ.ഡി അധികൃതരെ സമീപിച്ചിട്ടുണ്ട്. പരിഹാരമുണ്ടായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകും

- മാനിഷാദ കലാസാംസ്കാരിക സമിതി ഭാരവാഹികൾ