
അമ്പലപ്പുഴ : സുഹൃത്തുക്കളോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് വണ്ടാനം തറമേഴം വീട്ടിൽ നവാസ് - നൗഫില ദമ്പതികളുടെ മകൻ സൽമാൻ (20 ) ആണ് മരിച്ചത്. ചൊവ്വാഴ്ച പകൽ 2.30 ഓടെ മൂന്ന് സുഹൃത്തുക്കളോടൊപ്പം വണ്ടാനം ശാസ്താ ക്ഷേത്രത്തിന് പിന്നിലുള്ള കുളത്തിൽ കുളിക്കാനിറങ്ങിയ സൽമാൻ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ ബഹളം വയ്ക്കുന്നതു കണ്ട് നാട്ടുകാർ ഓടിക്കൂടി തെരച്ചിൽ നടത്തി. വിവരം അറിഞ്ഞ് ആലപ്പുഴയിൽ നിന്നും അഗ്നി രക്ഷാ സേന എത്തി സൽമാനെ പുറത്തെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: നൗഫൽ, നാദിർഷ .