ആലപ്പുഴ: കെ.സി.വേണുഗോപാൽ വീണ്ടും വിജയം കുറിച്ചപ്പോൾ പതിവ് തെറ്റാതെ ആഘോഷത്തിന് ആരംഭം കുറിച്ചത് പഴവീട്ടിലെ രാജീവം വീട്ടിലാണ്. വോട്ടെണ്ണൽ തുടങ്ങിയ രാവിലെ 8 മുതൽ വീട്ടിലേക്ക് പ്രവർത്തകർ ഒന്നൊന്നായി എത്തിത്തുടങ്ങി. കെ.സി.വേണുഗോപാൽ, ഭാര്യ ഡോ.കെ.ആശ എന്നിവർ അകത്തെ മുറിയിലിരുന്ന് ടി.വിയിൽ ഫലം കണ്ടു. ഓരോ മണിക്കൂർ പിന്നിടുമ്പോഴും സ്വീകരണ മുറിയിലെ പ്രവർത്തകരുടെ എണ്ണം കൂടിക്കൂടി വന്നു. ഒമ്പത് മണിയോടെ കരുനാഗപ്പള്ളി എം.എൽ.എ സി.ആർ.മഹേഷ് എത്തി. പതിനൊന്ന് മണിയോടെ ഭൂരിപക്ഷം ഇരുപതിനായിം പിന്നിട്ടപ്പോൾ സ്ത്രീകളടക്കമുള്ള പ്രവർത്തകർ കൂടുതലായി എത്തിത്തുടങ്ങി. 12 മണിക്ക് നാൽപ്പതിനായിരം പിന്നിട്ടപ്പോഴേക്കും വനിതാ പ്രവർത്തകരടക്കം വീടിന് മുന്നിലെ റോഡിൽ പാട്ടും ആരവവുമായി നൃത്തം വെച്ചു തുടങ്ങി. അമ്പതിനായിരം എന്ന വ്യക്തമായ ലീഡ് നിലയിലേക്ക് കടന്നതോടെ ഭാര്യ ഡോ.ആശ കെ.സിക്ക് മധുരം നൽകി സന്തോഷം പങ്കിട്ടു. പിന്നാലെ പ്രവർത്തകരും ആവേശക്കൊടുമുടിയിലായി.