ambala

അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഒ.പി വിഭാഗം ഇ.സി.ജി കേന്ദ്രം വെകിട്ട് 5വരെ ദീർഘിപ്പിക്കണമെന്ന ആവശ്യം ഉയരുന്നു. നിലവിൽ ഉച്ചയ്ക്ക് 2 വരെ മാത്രമാണ് പ്രവർത്തനം. ഈ കേന്ദ്രം അടച്ചുകഴിയുമ്പോൾ പരിശോധനക്കെത്തുന്ന രോഗികൾ മെഡിസിൻ അത്യാഹിത വിഭാഗത്തിലേക്ക് പോകേണ്ടിവരുന്നു. ദിനംപ്രതി 500 ഓളം രോഗികൾ എത്തുന്ന അത്യാഹിത വിഭാഗത്തിലെ ഇ.സി.ജി വിഭാഗത്തിൽ നിന്നു തിരിയാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. ഇവിടേക്ക് ഒ .പി വിഭാഗത്തിൽ നിന്നുള്ള രോഗികൾ കൂടി വരുന്നതോടെ തിരക്ക് ഇരട്ടിയാകും.

ഇ.സി.ജി വിഭാഗത്തിനോട് ചേർന്നാണ് രക്തസാമ്പിളുകൾ എടുക്കുന്നതും. ഇവിടെ തിക്കും തിരക്കും കൂടുന്നതോടെ ജീവനക്കാരും രോഗികളും തമ്മിൽ സംഘർഷം പതിവാണ്. പരിശോധനക്കെത്തുന്നവർക്ക് ഇരിപ്പിടം പോലും ഒരുക്കിയിട്ടില്ല. ജീവനക്കാർ ഇരിക്കുന്നതും പഴയ തടിക്കസേരയിലാണ്.