
ആലപ്പുഴ: മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടു വിഹിതം കുത്തനെ ഉയർത്തുന്ന ശോഭാ മാജിക് ഇക്കുറി ആലപ്പുഴയിലും ആവർത്തിച്ചു. കഴിഞ്ഞ തവണ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നേടിയ 17.24% വോട്ടുവിഹിതത്തെ ഇത്തവണ 28.3 ശതമാനത്തിലേക്കാണ് എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ഉയർത്തിയത്.
വോട്ടു വർദ്ധനവിന് പിന്തുണച്ച ഘടകങ്ങൾ?
പാലക്കാട്, ആറ്റിങ്ങൽ എന്നിവിടങ്ങളിലേതിന് സമാനമായ വോട്ടു വർദ്ധന ആലപ്പുഴയിലും സാധിച്ചു. പിണറായി സർക്കാർ വിരുദ്ധവികാരമുള്ള മുഴുവൻപേരും കോൺഗ്രസിന് വോട്ട് കൊടുത്ത് അവരെ എം.പിയാക്കുന്ന സമീപനമാണ് കണ്ടുവരുന്നത്. കോൺഗ്രസിന് വോട്ട് ചെയ്താലേ മാർക്സിസ്റ്റ് പാർട്ടിയെ തോൽപ്പിക്കാനാകൂ എന്ന വികാരത്തിലാണിത്. ആ സ്ഥാനത്തേക്ക് ബി.ജെ.പി പല പ്രദേശങ്ങളിലും വളർന്നു വരുന്നതേയുള്ളു. ശോഭാ സുരേന്ദ്രൻ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ കഴിയുന്ന ആളാണെന്ന വിലയിരുത്തൽ വോട്ടായി മാറിയെന്നാണ് എന്റെ കണക്കുകൂട്ടൽ. കെ.സി.വേണുഗോപാൽ കോൺഗ്രസിന്റെ വലിയ നേതാവായതിനാൽ എങ്ങനെയും ജയിക്കാനാണ് അവർ ശ്രമിച്ചത്. ഡി.കെ.ശിവകുമാറിന്റെ വരവും പല പ്രദേശങ്ങളിലും ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കാൻ ശ്രമിച്ചതുമെല്ലാം അവർക്ക് ഗുണമായി. സാധാരണക്കാരിയായ ഞാൻ കയറിവരാതിരിക്കാനുള്ള എല്ലാ നീക്കങ്ങളും യു.ഡി.എഫ് നടത്തി.
ഈഴവ വോട്ട് ബാങ്കും സ്ത്രീ വോട്ടർമാരും ഒപ്പം നിന്നോ?
ഒപ്പം നിന്നവരെ തരംതിരിച്ച് കാണാനാവില്ല. പ്രത്യേകവിഭാഗങ്ങൾ നൽകുന്ന വോട്ടല്ല ലഭിച്ചത്. പ്രതികരണശേഷിയുള്ള ജനങ്ങൾ ശോഭാ സുരേന്ദ്രനെന്ന സ്ത്രീയിൽ വിശ്വാസമർപ്പിച്ചു. അമ്പത് ദിവസത്തെ മാത്രം ബന്ധമാണ് ആലപ്പുഴക്കാരുമായുണ്ടായത്. നാലോ ആറോ മാസം ലഭിച്ചിരുന്നെങ്കിൽ വിജയം ഉറപ്പായിരുന്നു.
പാർട്ടിക്കുള്ളിൽ നിന്ന് പാരയുണ്ടായോ?
ആലപ്പുഴയിൽ കഴിഞ്ഞ തവണ 1.87ലക്ഷം വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടുവിഹിതം വർദ്ധിപ്പിച്ച സ്ഥാനാർത്ഥിയാണ് ഞാൻ. ഈ നേട്ടത്തിനിടയിൽ അത്തരമൊരു ചോദ്യത്തിന് പ്രസക്തിയില്ല.
ഇ.പി.ജയരാജൻ വിഷയത്തിലെ തുറന്നുപറച്ചിൽ
പാർട്ടിയിൽ അസംതൃപ്തിയുണ്ടാക്കിയോ?
എന്തെങ്കിലും കാര്യങ്ങൾ സമൂഹമദ്ധ്യത്തിൽ പറഞ്ഞിട്ടുണ്ടെങ്കിൽ, അത് ഉത്തരവാദിത്തപ്പെട്ടവരോട് ചർച്ചചെയ്ത ശേഷമാണ്. ഈ വിഷയത്തിൽ പാർട്ടിയിൽ അസംതൃപ്തിയുണ്ടായിട്ടില്ല. പറഞ്ഞ വിഷയത്തിൽ ഉറച്ചു നിൽക്കുന്നു.
നിയമസഭയിലേക്കും ആലപ്പുഴയിൽനിന്ന് മത്സരിക്കുമോ?
ആലപ്പുഴക്കാർക്ക് കരുതലും കാവലുമായി ഒപ്പമുണ്ടാകും. രാഷ്ട്രീയത്തിന് ഉപരിയായി ആലപ്പുഴയിലെ ജനങ്ങളിൽ കൂടുതൽ ശ്രദ്ധയുണ്ടാകും.