s


ആലപ്പുഴ : ദേശീയപാതയിൽ കളർകോട് ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ അടിക്കടി പണിമുടക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ദേശീയപാതയിലൂടെ വാഹനങ്ങൾ തിരുവനന്തപുരം,എറണാകുളം ഭാഗങ്ങളിലേക്ക് പോകുന്നതും വാഹനനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതുമായ പ്രധാന ജംഗ്ഷനാണ് കളർകോടുള്ള സിഗ്‌നൽ പോയിന്റ്.

കൺട്രോൾ പാനലിലെ തകരാർ മൂലം ഇവിടെ സിഗ്നൽ ലൈറ്റുകൾ മിഴി തുറക്കാതായിട്ട് ഒരാഴ്ചയായി. ഇന്നലെ സാങ്കേതിക തകരാർ പരിഹരിച്ചെങ്കിലും മണിക്കൂറുകൾക്ക് ഉള്ളിൽ വീണ്ടും ലൈറ്റ് അണഞ്ഞു. സ്കൂൾ തുറന്നതോടെ നഗരത്തിൽ തിരക്ക് വർദ്ധിച്ചിരിക്കെ ഗതാഗതക്കുരുക്ക് യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. രാവിലെയും വൈകിട്ടും ജില്ലാ കോടതിപ്പാലത്തിന് സമീപം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അനധികൃതമായി വാഹനങ്ങൾ നഗരത്തിലെ ഇടുങ്ങിയ റോഡിന്റെ ഇരുവശത്തും പാർക്ക് ചെയ്യുന്നത് കുരുക്ക് വർദ്ധിപ്പിക്കുന്നു.

നഗരത്തിലെ പുതിയ ട്രാഫിക് പരിഷ്‌കാരത്തിന്റെ ഭാഗമായി വൈ.എം.സി.എ പാലത്തിന്റെ ഇരുകരകളിലും സ്ഥാപിച്ച സിഗ്‌നൽ ലൈറ്റുകൾ ബ്ളിങ്കിംഗ് സംവിധാനത്തിലാക്കിയതോടെ ഇരുകരകളിലും നിന്നുള്ള വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്ന സ്ഥിതിയാണ്.

സിഗ്‌നൽ സംവിധാനം ഇല്ലാതാകുമ്പോൾ പകരം ട്രാഫിക് നിയന്ത്രണത്തിന് പൊലീസിനെ നിയോഗിക്കാത്തത് അപകടത്തിന് കാരണമാകുന്നു.

നഗരത്തിലെ ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ

 കളർകോട് ബൈപ്പാസ് ജംഗ്ഷൻ

 കളർകോട് ചങ്ങനാശ്ശേരി ജംഗ്ഷൻ

 ജനറൽ ആശുപത്രി

 പിച്ചു അയ്യർ ജംഗ്ഷൻ

 വൈ.എം.സി.എ

 ജില്ലാക്കോടതിപ്പാലം

 കളർകോട് ജംഗ്ഷൻ

 ശവക്കോട്ടപ്പാലം

 കൈതവന

 കൊമ്മാടി ബൈപ്പാസ്

കളർകോട് ബൈപ്പാസ് ജംഗ്ഷനിലെ പ്രവർത്തന രഹിതമായ ട്രാഫിക് സിഗ്നൽ സജ്ജമാക്കുന്നതിന് നൽകിയ കത്തിനെ തുടർന്ന് നിർമ്മാണ ചുമതലയുള്ള കെൽട്രോൺ അധികൃതർ എത്തിയെങ്കിലും കൺട്രോൾ പാനലിനലെ തകരാർ കാരണം ഇന്നലെ പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാക്കാൻ സാധിച്ചില്ല. അടുത്തദിവസം തകരാർ പരിഹരിക്കും.

- എസ്.ഐ, ട്രാഫിക് പൊലീസ്, ആലപ്പുഴ